Site icon Ente Koratty

ആസ്താം താവദിയം

ദേവദാസ് കടയ്ക്കവട്ടം

ശ്രീശങ്കരാചാര്യരുടെ, സ്വമാതാവിനെ വന്ദിക്കുന്ന പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്. “ആസ്താം താവദിയം പ്രസൂതി സമയേ എന്ന് തുടങ്ങുന്ന ശ്ലോകത്തിൽ ഗർഭഭാരഭരണ ക്ലേശങ്ങൾ സഹിച്ച് പ്രസവിച്ച് പരിപാലിച്ച അമ്മയ്ക്ക് സാഷ്ടാംഗ പ്രണാമമർപ്പിക്കുന്നുണ്ട്….

ഇന്ന് മാതൃദിനം.. അമ്മ- സമാനതകളില്ലാത്ത പദം.. പകരം വയ്ക്കാനില്ലാത്ത പരമസത്യം! എല്ലാ വേദനകളും സഹിച്ച് നമ്മളെയൊക്കെ ഈ പ്രപഞ്ച വിസ്മയത്തിലേക്ക് കൺതുറപ്പിച്ച മഹാമനസ്സിനുടമ! സഹനത്തിൻ്റെ ആൾരൂപം! മനുഷ്യരാശിയുടെ തുടർച്ചയ്ക്കും നിലനില്പിനും ആധാരശിലയായി നിൽക്കുന്നത് അമ്മയല്ലാതെ മറ്റാരാണ്?” പിള്ളേരെ നുള്ളി ഞാനെന്നങ്ങു ചൊല്ലീട്ടു പീലി കൊണ്ടെന്നെയടിച്ചാളമ്മ “കൃഷ്ണഗാഥയിലെ ഈ വരികൾ “അമ്മ തല്ലിയാൽ അത് തല്ലല്ല” എന്ന് തെളിയിക്കുന്നു.

ഒരു ചൈനീസ് കഥയിൽഅമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പറമ്പിൽ കുഴിച്ചിടാനായി പരിഭ്രമത്തോടെ ഓടുന്നതിനിടയിൽ വാതിൽപ്പടിയിൽ കാൽ തട്ടിയ മകനോട് “മോനേ നിനക്ക് നൊന്തോടാ” എന്ന് ചോദിക്കുന്ന അമ്മ ഹൃദയം ഏത് വായനക്കാരൻ്റെ ഹൃദയത്തേയും തപിപ്പിക്കും.

എന്നും ഭക്ഷണം കഴിക്കുമ്പോൾ അമ്മയെ ചീത്ത വിളിക്കുന്ന മകൻ പുറപ്പെട്ട് പോയി വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുമ്പോൾ ഉമ്മറപ്പടിയിൽ മകൻ്റെ വരവും കാത്തിരിക്കുന്ന അമ്മയുടെ ചിത്രം വരച്ച് കാണിച്ച ടോൾസ്റ്റോയിയുടെ ‘അമ്മ’യും സമാന കഥയായ ബഷീറിൻ്റെ ‘അമ്മ’യുമെല്ലാം ഏത് അനുവാചക ഹൃദയത്തേയും ത്രസിപ്പിക്കുക തന്നെ ചെയ്യും.

ഈ മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും എൻ്റെ സാഷ്ടാംഗ പ്രണാമം….


Exit mobile version