Site icon Ente Koratty

മേയ് 3. ലോക പത്രസ്വാതന്ത്ര്യ ദിനം

ലേഖകൻ – ഡേവീസ് വല്ലൂരാന്‍, തിരുമുടിക്കുന്ന്

1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശ പ്രകാരം മേയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിലൂടെ സാമൂഹിക മാറ്റം എന്നതാണ് 2020ലെ പത്ര സ്വാതന്ത്ര്യ ദിനാചരണത്തിന്‍റെ സന്ദേശം. പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം ഈ ദിനത്തില്‍ നല്‍കപ്പെടുന്നു. അറിയാനും അറിയിക്കാനുമുള്ള അവകാശത്തെ ഉറപ്പാക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.

ജനാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നത് പത്രസ്വാതന്ത്യമാണെന്നു പറയാം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കേണ്ട സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഈ ദിനാചരണം ഓര്‍മ്മിപ്പിക്കുന്നു. പത്രസ്വാതന്ത്ര്യം എന്നത് ഒരു പൗരന്‍റെ മതപരവും, രാഷ്ടീയപരവും, സാമൂഹികപരവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങളുടെ ആകെത്തുകയാണെന്നു പറയാം.

മാധ്യമ പ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുസമൂഹം അഭിപ്രായരൂപീകരണം നടത്തുന്നത് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകളിലൂടെയാണ്. പക്ഷെ, ഇന്നത്തെ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തകര്‍ ഓരോരൊ പക്ഷം പിടിക്കുന്നതായി കാണുന്നു. സമൂഹത്തിന് നന്മയുണ്ടാകുന്ന രീതിയില്‍, സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്ന രീതിയില്‍, സധൈര്യം എഴുതുവാന്‍ തയ്യാറാകേണ്ടവരല്ലെ ശരിയായ പത്രപ്രവര്‍ത്തകര്‍?. ഓരോ മാധ്യമങ്ങളും അവരവരുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അത് വായിക്കുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ജനം വരികളിലൂടെയല്ലാ, വരികള്‍ക്കിടയിലൂടെ വായിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. അതോടൊപ്പം, മാധ്യമങ്ങളുടേയും മാധ്യമ  പ്രവര്‍ത്തകരുടേയും വിശ്വാസ്യത നഷ്ടപ്പെടുന്നു.

സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ള പങ്കിനെകുറിച്ച് ചിന്തിക്കുകയും, അതോടൊപ്പം, സംസാരിക്കുന്നതിനും ചിന്തിക്കുന്നതിനും ഉള്ള  സ്വാതന്ത്രൃത്തെ സംരക്ഷക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഈ പത്രസ്വാതന്ത്ര്യ ദിനം ഓര്‍മ്മപ്പെടുത്തുന്നു. എല്ലാവര്‍ക്കും പത്രസ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

Exit mobile version