റെൻസ് തോമസ്
ഇന്ന് രാവിലെ പത്രമെടുത്തു നോക്കിയപ്പോൾ, ആദ്യ പേജിൽ കണ്ട ചിത്രവും വാചകവും മനസ്സിനെ വല്ലാതെ സപ്ര്ശിച്ചു. ‘കോവിടിന്റെ ഈ കാലത്തും തൊഴിലിന്റെ മഹത്വം ഉയർത്തിപിടിക്കുന്നവർക്കായ്’…
പതിനാലും പതിനെട്ടും ഇരുപതും മണികൂറുകളോളം തൊഴിലാളികൾ വിശ്രമം ഇല്ലാതെ ജോലി ചെയ്തിരുന്ന കാലഘട്ടം യൂറോപ്പിലും, അമേരിക്കയിലും തുടങ്ങി എല്ലാ ലോകരാജ്യങ്ങളിലും നിലവിലുണ്ടായിരുന്നു.
തൊഴിലാളിയെ അറവുമാടിനെ പോലെ പണിയെടുപ്പിക്കുന്ന മുതലാളിത്തത്തിന്റെ മൃഗീയ നായാട്ട്. എന്നിട്ടും ജോലിക്ക് മാന്യമായ വേതനം നൽകാതെ, പാവപ്പെട്ട പട്ടിണിക്കാരായ തൊഴിലാളികളെ കുത്തിപിഴിഞ്ഞ് സമ്പത്തുകുമിച്ചു കൂട്ടിയ മുതലാളിവർഗ്ഗത്തിന്റെ അനീതിക്കും അക്രമങ്ങള്‍ക്കും എതിരെ എല്ലാ രാജ്യങ്ങളിലേയും തൊഴിലാളികൾ സംഘടിച്ചു മാന്യമായ തൊഴിൽ നിയമങ്ങൾ ഉണ്ടാക്കി.
എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ല എന്നും ജോലിക്കനുസരിച്ച മാന്യമായ വേതനവ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിനുമായി സംഘടിച്ച തൊഴിലാളികളുടെ കൂട്ടായ്മ വിജയം കണ്ടു.
1886 മെയ് 1നു ചിക്കാഗോയിലെ തെരുവീഥികളിൽ തങ്ങുളുടെ മാന്യമായ അവകാശങ്ങൾക്കു വേണ്ടി സംഘടിച്ച തൊഴിലാളികൾക്ക് നേരെ ബോംബ് സ്ഫോടനം നടക്കുകയും വളരെയേറെ തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തു.
അവരുടെ സ്മരണാർത്ഥമാണ് മെയ്ദിനം തൊഴിലാളിദിനമായി ആചരിച്ചു തുടങ്ങിയത് എന്ന് എന്റെ അപ്പച്ചൻ പറഞ്ഞു തന്നതും ഞാനോർത്തു പോയി. ഇന്ന് അദ്ദേഹമില്ലാത്ത എന്റെ ആദ്യ മെയ് ദിനവുമാണ്.