Site icon Ente Koratty

107 വയസ്സിന്റെ യുവത്വവുമായി ഈ കൊരട്ടിക്കാരൻ

107 വയസ്സിന്റെ` ആരാത്? ങാ.. ഡേവീസാണല്ലേ?.’ രാവിലെ നാലര മണിക്ക് നടക്കാന്‍ ഇറങ്ങിയിട്ട് , തിരിച്ച് അഞ്ചേകാലിന് വീടിനടുത്തെത്തിയപ്പോള്‍ മുന്‍പില്‍ കേട്ട ശബ്ദം . ടോര്‍ച്ച് വെളിച്ചത്തില്‍ നോക്കിയപ്പോള്‍ 107 വയസ്സ് പ്രായമുള്ള വറുതുണ്ണി വല്ല്യപ്പന്‍ . ഈ അരണ്ട വെളിച്ചത്തില്‍ എങ്ങനെ മനസ്സിലായി ആവോ.?

` ഇതെവിടേക്കാ വല്ല്യപ്പാ ഈ നേരത്ത്?,വെളിച്ചത്തിന് എന്തെങ്കിലും കൊണ്ടുപോയിക്കൂടെ? ‘. വെളിച്ചം കാണുവാന്‍ ഒന്നും കയ്യില്‍ ഇല്ലാതിരുന്ന വല്ല്യപ്പനോട് ഞാന്‍ ചോദിച്ചു .

` ഞാന്‍ പള്ളിയിലേക്കാ പോകുന്നത്. പിന്നെ എന്തിനാടാ എനിക്ക് വെളിച്ചം?. ഉടന്‍ വന്നു മറുപടി . പള്ളിയിലേക്ക് പോകുമ്പോള്‍ തനിക്ക് ഒന്നും സംഭവിക്കില്ലാ എന്ന അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തിനു മുന്‍പില്‍ ഞാന്‍ തോറ്റു.

https://youtu.be/WNpHLIsfYhc


` ഞാനും വരുന്നുണ്ട് പള്ളിയിലേക്ക്. വീട്ടില്‍ പോയി കുളിച്ച് വസ്ത്രം മാറിയിട്ടു വരാം. ‘ അങ്ങനെ ഞാന്‍ വീട്ടിലേക്ക് പോയി. വല്ല്യപ്പന്‍ പള്ളിയിലേക്കും. ഈ വല്ല്യപ്പന്‍ ആരാണെന്നല്ലേ?. ഞങ്ങളുടെ നാട്ടിലെ ( തിരുമുടിക്കുന്നിലെ ) ഏറ്റവും പ്രായം കൂടിയ കണ്ടംകുളത്തി വറുതുണ്ണി വല്ല്യപ്പന്‍ . നാട്ടുകാരുടെ അപ്പൂപ്പന്‍. നാട്ടില്‍ എന്ത് സംഭവമുണ്ടായാലും വല്ല്യപ്പനെ വിളിക്കും . ചെറുതായാലും വലുതായാലും അദ്ദേഹം അവിടെ ഓടിയെത്തും. നാട്ടില്‍ മാത്രമല്ലാ എവിടെ ആയാലും എന്നാണ് പറയേണ്ടത്. എന്താണെന്നല്ലെ ?.

തിരുമുടിക്കുന്നില്‍ നിന്നും 25കി.മി. ദൂരത്തുള്ള പുത്തന്‍ചിറയില്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ മെത്രാന്റെ മരണാനന്തരം, ഭൗതീക ശരീരം കാണാന്‍ പോയിരുന്നു വറുതുണ്ണി വല്ല്യപ്പന്‍ . എവിടെ കണ്ടാലും അടുത്തേക്ക് വിളിക്കും. കുശലാന്വേഷണം നടത്തിയേ വിടൂ. അത്ര സ്നേഹമാണ്. ഇന്നും ഇന്നലേയും തുടങ്ങിയതല്ല ഈ സൗഹൃദം .

35 വര്‍ഷം മുന്‍പ് ഞാന്‍ ചാലക്കുടിയില്‍ ജോലി ചെയ്യുന്ന കാലം . രാവിലെ ഒന്‍പതരക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ ചാലക്കുടിയിലേക്ക് ബസ്സില്‍ കയറി. വാലുങ്ങാമുറിയില്‍ നിന്ന് ബസ്സില്‍ കയറിയ അദ്ദേഹം എന്നെ കണ്ടപ്പോള്‍ ഇരിക്കുന്ന സീറ്റില്‍ അഡ്ജസ്റ്റ് ചെയ്ത് ഇരിക്കാന്‍ സീറ്റ് തന്നു. ടിക്കറ്റിനായി ഞാന്‍ 50രൂപ നോട്ട് കൊടുത്തപ്പോള്‍ കണ്ടക്ടര്‍ ദ്വേഷ്യപ്പെട്ടു. `മൂന്ന് രൂപക്കാണോ അന്‍പതു രുപ തരുന്നത്.? ചില്ലറയില്ല.’
കണ്ടക്ടര്‍ ടിക്കറ്റില്‍ ബാക്കി കുറിക്കാന്‍ തുനിഞ്ഞപ്പോള്‍ വല്ല്യപ്പന്‍ ഇടപെട്ടു.

`സാറെ ഇതാ അങ്ങേരുടെ ടിക്കറ്റ് ചാര്‍ജ്ജ്. ബാക്കി ടിക്കറ്റില്‍ കുറിച്ച്,  ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റ് വരെ വന്ന് ബാക്കി വാങ്ങാന്‍ അങ്ങേരെ ബുദ്ധിമുട്ടിക്കേണ്ട’.
ഇങ്ങനെയാണ് വറുതുണ്ണി വല്ല്യപ്പന്‍ . ആരെ എപ്പോള്‍  കണ്ടാലും കുശലാന്വേഷണം നടത്തും. സഹായിക്കും. അങ്ങനെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നു . വല്ല്യപ്പന്റെ കൂടെ സംസാരിക്കുന്നത് എനിക്കും ഇഷ്ടമാണ്. നാട്ടിലെ മുന്‍കാല ചരിത്രം പറയുന്നത് കേട്ട് ഞാന്‍ കാതോര്‍ത്തിരിക്കും. നൂറ്റന്‍പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ മുന്‍ തലമുറയിലെ കാരണവന്‍മാര്‍ ` മാച്ചാമ്പിള്ളി കുന്ന് ‘ എന്ന ഇന്നത്തെ തിരുമുടിക്കുന്നില്‍ വന്നതും കാട് വെട്ടി തെളിച്ച് കഷ്ടിച്ച് ജീവിതം നയിച്ചതും അവര്‍ അനുഭവിച്ച ദുരിതങ്ങളും എല്ലാം , വല്ല്യപ്പന്റെ ചെറുപ്പകാലത്ത് പറഞ്ഞുകേട്ട കാര്യങ്ങള്‍ . കാട്ടുപട്ടിയും പുലിയുമൊക്കെ ഉണ്ടായിരുന്ന കാട് വെട്ടിത്തെളിച്ച് ഇന്നത്തെ നാടായതിന്റെ പിറകില്‍ എത്ര പേരുടെ വിയര്‍പ്പാണ് ഒഴുകിയിട്ടുള്ളത്!. എ. സി.യും കാറുമില്ലാതെ ജീവിക്കാന്‍ സാധിക്കാത്ത ഇന്നത്തെ തലമുറക്ക്  ഇതൊന്നും അറിയില്ലല്ലോ.!

സൗഹൃദം വളര്‍ന്ന് ഇടക്കിടെ ഞങ്ങള്‍ കൂടിയിരുന്ന് സംസാരിക്കും. ചിലപ്പോള്‍ ചായക്കടയില്‍ , ചിലപ്പോള്‍ അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഇറിഗേഷന്‍ കനാലിന്റെ കലുങ്കില്‍, മറ്റു ചിലപ്പോള്‍ പള്ളി പരിസരത്ത്. ഒരു ദിവസം ഞാന്‍ ചോദിച്ചു .
` പണ്ടു കാലത്ത് എങ്ങനെയാ ദാരിദ്ര്യം ഉണ്ടായിരുന്നോ?’
`ഉണ്ടായിരുന്നോന്നൊ. വയറു നിറയെ ഭക്ഷണം കഴിക്കാന്‍ മിക്കവാറും ഒരു കുടുംബങ്ങളിലും ഉണ്ടാവാറില്ല. മഴയെ ആശ്രയിച്ച് മാത്രമാണ് കൃഷി ചെയ്തിരുന്നത് .

1956ല്‍ കനാലില്‍ വെള്ളം വന്നതില്‍പിന്നെയല്ലേ നമ്മുടെ നാട് സാമ്പത്തികമായി ഉയര്‍ന്നു വന്നത്. വെള്ളം എത്തിയതോടുകൂടി ഒരു പ്രാവശ്യം നെല്‍കൃഷി ചെയ്തിരുന്ന പാടത്തെല്ലാം ഇരുപ്പൂവും മുപ്പൂവും (രണ്ടു പ്രാവശ്യവും മൂന്ന് പ്രാവശ്യവും) കൃഷിയായി. നെല്‍കൃഷി കൂടാതെ പറമ്പുകളില്‍ തെങ്ങും, കവുങ്ങും, വാഴയും ,ജാതിയുമൊക്കെ വളരാന്‍ തുടങ്ങി . ആളുകളുടെ കയ്യില്‍ പണം വന്നു . അങ്ങനെ കുറേശ്ശെയായി വികസനം വന്നു. പള്ളിയുണ്ടായി ,പള്ളിക്കൂടമുണ്ടായി.’ വല്ല്യപ്പന്‍ പറയുന്ന കാരൃങ്ങള്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കും . വല്ല്യപ്പന്റെ കുടുംബം തിരുമുടിക്കുന്നില്‍ ആദ്യം വന്ന കുടുംങ്ങളില്‍ ഒന്നാണ്.

` അന്നത്തെ ജനങ്ങള്‍ എങ്ങനെയാ? ഞാന്‍ ചോദിച്ചു .
` എല്ലു മുറിയെ പണിയെടുക്കുന്നവര്‍. എല്ലാവരും ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത്. നിന്റെ അപ്പൂപ്പന്റെ അപ്പനായിട്ട് ഇവിടെ വന്നവരാണ്. അപ്പൂപ്പന്‍ , ദേവസ്സിചേട്ടന്‍ എന്ത് നല്ല മനുഷ്യനായിരുന്നെന്നറിയാമൊ?. നമ്മുടെ പള്ളിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പള്ളിയുടെ കൈക്കാരന്‍ ആയിരുന്നു . നാട്ടില്‍ എന്തെങ്കിലും വഴക്കുകള്‍ ഉണ്ടായാല്‍ പറഞ്ഞു തീര്‍ക്കാനും സ്വത്ത് ഭാഗം വക്കുമ്പോള്‍ അഭിപ്രായം പറയാനുമൊക്കെ ആളുകള്‍ അദ്ദേഹത്തെ വിളിക്കുമായിരുന്നു. അതുകൂടാതെ ദേവസ്സിചേട്ടന്‍ നല്ലൊരു നാട്ടുവൈദ്യന്‍ ആയിരുന്നു .

അന്നത്തെ കാലത്ത് ഇന്നത്തെ പോലെ ആസ്പത്രികള്‍ ഒന്നും ഇല്ലല്ലോ?. അങ്ങേര് പറമ്പില്‍ പോയി കുറെ പച്ചമരുന്നുകള്‍ പറിച്ചുകൊണ്ടുവന്ന് ഇടിച്ച് പിഴിഞ്ഞ് കൊടുക്കും. ആളുകളുടെ അസുഖം മാറും.’ വല്ല്യപ്പന്‍ പറഞ്ഞു നിര്‍ത്തും. വറുതുണ്ണി വല്ല്യപ്പന്റെ അപ്പനായിട്ടുതന്നെ നല്ല സ്വത്തുള്ളവരാണ്. ഇന്ന് മക്കളായിട്ടും മക്കളുടെ മക്കളായിട്ടും നല്ല സ്വത്തും വിദ്യാഭ്യാസവുമുള്ള കുടുംബം. സ്വദേശത്തും വിദേശത്തുമായി സുഖമായി ജീവിക്കുന്നു.

വാലുങ്ങാമുറിയില്‍ എല്‍. പി. സ്കൂള്‍ ഇല്ലാതിരുന്ന കാലത്ത് തിരുമുടിക്കുന്നിന്റെ തെക്കുഭാഗത്തുള്ള മുടപ്പുഴയുള്ള St.Mary’s സ്കൂളില്‍ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം . അവിടത്തെ Old Studentsന്റെ ഫോട്ടോയില്‍ അദ്ദേഹത്തിന്റെ ഫോട്ടൊ കണ്ട ഞാന്‍ ചോദിച്ചു . ` മുടപ്പുഴ വരെ നടന്നു പോയി പഠിച്ചുവെന്നോ?. ഉടന്‍ വന്നു മറുപടി . `പിന്നെ , അത് വല്ല ദൂരമാണോ? അക്കാലത്ത് കൊരട്ടിയിലേക്കും ചാലക്കുടിയിലേക്കും നടന്നല്ലേ ആളുകള്‍ പോയിക്കൊണ്ടിരുന്നത്?. കൊരട്ടി പള്ളി ആയിരുന്നില്ലേ നമ്മുടെ പള്ളി?. 1939ല്‍ അല്ലേ നമ്മുടെ ഇപ്പോഴത്തെ പള്ളി വന്നുള്ളു?.’ പറഞ്ഞു നിര്‍ത്തുന്നതിന് മുന്‍പ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
` ഇന്നത്തെ തലമുറ നടക്കാത്തതു കൊണ്ടല്ലെ ഷുഗറും കൊളസ്റ്റോളുമെന്നൊക്കെ പറഞ്ഞ് വെളുപ്പിന് എഴുന്നേറ്റ് നടക്കേണ്ടി വരുന്നത്?, ആഗ്രഹമനുസരിച്ച് എന്തെങ്കിലും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ടോ?. വല്ല്യപ്പന്‍ എനിക്കിട്ട് സ്നേഹപൂര്‍വ്വം ഒരു മുന്നറിയിപ്പ്.

വല്ല്യപ്പന്റെ നൂറാം ജന്മദിനം വളരെ ആഘോഷമായിട്ടായിരുന്നു മക്കള്‍ നടത്തിയത്. എം. എല്‍. എ.യും മുന്‍വികാരിമാരും പ്രമുഖരുമടക്കം പങ്കെടുത്ത ഗംഭീരമായ ചടങ്ങ്. നാട്ടിലെ ജനങ്ങള്‍ക്ക് ഉത്സവം പോലെയായിരുന്നു. നാട്ടിലെ ഏത് പൊതു പരിപാടിയിലും വറുതുണ്ണി വല്ല്യപ്പന് ക്ഷണമുണ്ടാകും., സാന്നിദ്ധ്യം ഉണ്ടാകും . പള്ളിയില്‍ നടത്തിയ ഒരു പൊതുപരിപാടിയില്‍ ഇടവകയിലെ ഏറ്റവും പ്രായമുള്ള ആളെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. കുടുംബ യൂണിറ്റുകളുടെ വൈസ് ചെയര്‍മാന്‍ ആയതുകൊണ്ട് ഞാനുമുണ്ട് സ്റ്റേജില്‍.

പുരുഷന്മാരില്‍ വറുതുണ്ണി വല്ല്യപ്പന്‍ ആയിരുന്നു ഏറ്റവും പ്രായമുള്ള ആള്‍. പേര്‍ വിളിച്ചപ്പോള്‍ സ്റ്റേജില്‍ കയറി വന്ന അദ്ദേഹം  , ആദരിക്കല്‍ കഴിഞ്ഞ ഉടന്‍ എന്റെ അടുത്ത് വന്ന് തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു.
` മോനെ അപ്പൂപ്പനേപ്പോലെ പള്ളിക്കു വേണ്ടി ജോലി ചെയ്യണം. ദൈവം നിന്നെ അനുഗ്രഹിക്കും’. 
അതാണ് വറുതുണ്ണി വല്ല്യപ്പന്‍ . എന്നും, എല്ലാവരേയും , എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ഒരു വല്ല്യപ്പന്‍ . വറുതുണ്ണി വല്ല്യപ്പന് ഈ നൂറ്റിഏഴാം വയസ്സില്‍ നന്മകള്‍ നേരുന്നു

ഡേവിസ് വല്ലൂരാൻ

Exit mobile version