Site icon Ente Koratty

പ്രതിസന്ധികൾക്കും അപ്പുറം

സാബു പള്ളിപ്പാട്ട്

ലോകം പ്രതിസന്ധികളിൽ അകപ്പെടുന്നത് ഇതാദ്യമായല്ല. ഇന്ന് മഹാമാരിയാണ് കാരണമെങ്കിൽ അന്നത് ലോകമഹായുദ്ധമായിരുന്നു. അതത്രയും തരണം ചെയ്താണ് മനുഷ്യർ ഇക്കാണുന്ന പുരോഗതി എത്തിപ്പിടിച്ചത്. 1929 – ലാണ് മഹാസാമ്പത്തിക മാന്ദ്യം പ്രധാനമായും അമേരിക്കയെയും, ജർമനിയെയും ബാധിച്ചത്. 1929 ഒക്ടോബർ 29 ന് അമേരിക്കയിലെ ഓഹരി വിപണിയായ “വാൾ സ്ട്രീറ്റ്” ൽ തുടങ്ങിയ തകർച്ച പിന്നീട് ലോകമെമ്പാടും പ്രതിസന്ധിയിലാക്കി. ഡോറോത്ത ലാംഗേയുടെ ഒഴിഞ്ഞ പാത്രത്തിന് മുന്നിലിരിക്കുന്ന അമ്മയും, കുട്ടികളും ഇന്ന് ലോകം ഓർത്തെടുക്കുന്ന ചിത്രമാണ്. രണ്ടാമത്തെ ചിത്രവും അമേരിക്കയിൽ നിന്നുള്ളത് തന്നെയാണ്. ജോലിയന്വേഷിച്ച് അലയുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണത്. ജർമ്മനിയിൽ തൊഴിലില്ലാത്തവർ ഒരു ആപ്പിൾ അഞ്ചു സെന്റിന് വാങ്ങുവാൻ വരി നിൽക്കുന്നതാണ് മൂന്നാമത് കാണുന്ന ചിത്രത്തിലുള്ളത്.

1932 – ൽ അമേരിക്കയിലെ തൊഴിലില്ലാത്തവരുടെ എണ്ണം ഒന്നര കോടിയോളം ഉയർന്നിരുന്നു. ഈയൊരവസരത്തിലാണ് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമായി അദ്ദേഹം ചെയ്തത് എല്ലാ ബാങ്കുകൾക്കും നാലു ദിവസം അവധി കൊടുക്കുകയായിരുന്നു. ശേഷം സാമ്പത്തിക ഭദ്രതയുള്ള ബാങ്കുകൾ മാത്രം തുറന്ന് പ്രവർത്തിക്കാൻ ചുമതലപ്പെടുത്തി. ഭയത്തെമാത്രമാണ് നമ്മുക്ക് ഭയക്കാനുള്ളത് എന്ന അദ്ദേഹത്തിന്റെ ഒരു വാചകം അന്ന് അമേരിക്കൻ ജനതയ്ക്ക് കരുത്തേകി. (“the only thing we have to fear is fear itself.”)

മഹാസാമ്പത്തിക മാന്ദ്യം അമേരിക്കയിൽ ഇത്തരത്തിൽ ഉണർവ്വുണ്ടാക്കിയപ്പോൾ ജർമ്മനിയിൽ അത് ഹിറ്റ്ലറിന്റെ നാസി ഭരണകൂടത്തിന് കളമൊരുക്കി. അത് പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന് വഴിമരുന്നായി.

പ്രതിസന്ധികൾ ഏത് ദിശയിലേക്കാണ് സഞ്ചരിക്കുകയെന്നത് അതിന് നടുവിൽ നിന്ന് പ്രവചിക്കാനാവില്ല. മഹാമാരിയിൽ മന്ദീഭവിച്ച ലോകഗതി പരിസ്ഥിതിയിക്ക് ആശ്വാസമാകുന്നുണ്ട്. എത്ര പെട്ടെന്നാണ് ഒരു കുഞ്ഞു വൈറസ് അതിന് കടിഞ്ഞാണിട്ടത്. പക്ഷെ മറുവശത്ത് സാമ്പത്തിക മാന്ദ്യവും, പ്രായേണ കടുത്ത പട്ടിണിയും കൊണ്ടുവന്നേക്കാമെന്നുള്ളത് ഭയപ്പെടുത്തുന്നുണ്ട്.

ഇക്കാലയളവിൽ ശാസ്ത്രം എത്തിനിൽക്കുന്ന പുരോഗതിയാണ് കടുത്ത പ്രതിസന്ധിയിലും പ്രതീക്ഷ നൽകുന്നത്. പതിനഞ്ചു വർഷങ്ങളാണ് സാധാരണ ഒരു വാക്സിൻ നിർമ്മിച്ചെടുക്കാനുള്ള സാധാരണ സമയം. അത് ദ്രുതഗതിയിലാക്കാൻ പണിപ്പെടുകയാണ് പല ലാബുകളിൽ അഹോരാത്രം പണിയെടുക്കുന്ന ശാസ്ത്രജ്ഞർ ചെയ്യുന്നത്.

ഏതായാലും ഈ വീട്ടിലിരിപ്പ് മനുഷ്യർ കടന്നുവന്നിട്ടുള്ള നാൾവഴികൾ ചികഞ്ഞുനോക്കി പിഴവുകൾ തിരുത്താനുള്ള ഒരു അവസരമായി എടുക്കാവുന്നതാണ്. മനുഷ്യന് ലോകത്തിന്റെ ഗതി നേരായ വിധത്തിൽ അറിയിക്കേണ്ട വാർത്താചാനലുകൾ ഇന്ന് ടെലിസീരിയലുകൾപോലെ സസ്‌പെൻസും, ഇക്കിളിയും കൊടുക്കുന്ന വർത്തമാനകാലത്ത് അത് അത്ര എളുപ്പത്തിൽ സാധ്യമാവുമെന്ന് തോന്നുന്നുമില്ല.

Exit mobile version