ദേവദാസ് കടയ്ക്കവട്ടം
ഭൂമിയിൽ അധിവസിക്കുന്ന മനുഷ്യരുടെ ആകെ എണ്ണത്തെയാണ് ലോക ജനസംഖ്യ എന്ന് വിളിക്കുന്നത്. ജനസംഖ്യാ നിർണ്ണയ പ്രക്രിയ ഇന്ന് സുഘടിതമായ സംവിധാനത്തിൽ നടക്കുന്ന ഒന്നാണ്. എന്നാൽ ചരിത്രാതീത കാലത്തോളം അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽപ്പോലും സെൻസസിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നുണ്ടല്ലോ. സയൻസും സാങ്കേതിക വിദ്യയും ഏറ്റവും ഔന്നത്യത്തിലെത്തി നിൽക്കുന്ന ഇക്കാലത്ത് ഏതൊരു രാജ്യത്തിന്റേയും മുമ്പോട്ടുളള പ്രയാണത്തിന് അത്യാവശ്യം തന്നെയാണ് ഈ കണക്കുകൾ.
1927 ൽ 200 ഉം 1959-ൽ 300 ഉം 1974 – ൽ 400 ഉം 1987-ൽ 500 ഉം കോടിയായിരുന്ന ലോക ജനസംഖ്യ 1999 ഒക്ടോബർ 12 ന് ബോസ്നിയയിലെ ‘ 6 ബില്യൺസ് ബേബി’യുടെ ജനനത്തോടെ 600 കോടിയായി. 2019 -ൽ അത് 760 കോടി കവിഞ്ഞ് നിൽക്കുന്നു ! 2025-ൽ ഇത് 8 ബില്യണായും 2080-ൽ 1000 കോടികവിയുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു. എത്ര ഭീതിദമായ വിധത്തിലാണ് ഈ വർദ്ധനയുടെ പോക്ക് എന്ന് ചിന്തിച്ച് നോക്കുക! 1804 – ൽ 100 കോടി പോലുമില്ലാതിരുന്ന ലോക ജനസംഖ്യയുടെ ഇന്നത്തെ അവസ്ഥ നോക്കുക. ഭാരതത്തിന്റെ കാര്യമെടുത്താലോ ? ഇന്ന് ഇവിടെ മാത്രം 134 കോടിയോളം ജനങ്ങൾ അധി വസിക്കുന്നു!! ലോകത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള 10 രാഷ്ട്രങ്ങളിൽ ഒന്നാം സ്ഥാനമലങ്കരിക്കുന്നചൈനയുടെ തൊട്ടുപിറകേ നമ്മുടെ രാജ്യവുമുണ്ട്. അധികം താമസിയാതെ ഭാരതം ഇക്കാര്യത്തിൽ ചൈനയെ മറികടക്കുമെന്നാണ് സൂചന.
ജനസംഖ്യയുടെ ഈ അഭൂതപൂർവ്വമായ വർദ്ധനവ് മനുഷ്യ ജനതയ്ക്ക് ഒരു പാട് വെല്ലുവിളികൾ ഉയർത്തുന്നു. 2025 ഓടെ ലോകം കടുത്ത ശുദ്ധ ജലക്ഷാമം നേരിടുമെന്ന് ഇന്റർനാഷണൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (I N M I) മുന്നറിയിപ്പ് നൽകുന്നു. ഇത് കൂടാതെ ആഗോളതാപനം, പരിസ്ഥിതിനാശം, വ്യവസായ തകർച്ച, സാമ്പത്തിക അരാജകത്വം, ഭക്ഷ്യക്ഷാമം, സ്ഥല ദൗർലഭ്യം എന്നിവയെല്ലാം ജനസംഖ്യാവർദ്ധനവിന്റെ ദുരന്തഫലങ്ങളാണ്.
ലോകജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യയിലാണ്. ലോകത്തെ ആകെ ഭൂവിസ്തൃതിയുടെ 2.42 ശതമാനം മാത്രമാണിന്ത്യ. ജനസംഖ്യാവർദ്ധനവിനെ വേണ്ട വിധത്തിൽ പ്രതിരോധിച്ചില്ലെങ്കിൽ മനുഷ്യൻ ഭക്ഷണത്തിനും വെള്ളത്തിനും സ്ഥലത്തിനും വേണ്ടി പരസ്പരം കടിച്ചു കീറുന്ന അവസ്ഥ സംജാതമാകും.
പ്രായപൂർത്തിയാവുന്നതിന് മുൻപുള്ള വിവാഹങ്ങൾ നിരുത്സാഹപ്പെടുത്തുക, ജനനനിയന്ത്രണങ്ങൾ സ്വീകരിക്കുക, ജനന ഇടവേളകൾ വർദ്ധിപ്പിക്കുക, സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിച്ചിക്കുക, സ്ത്രീകളുടെ സാമൂഹിക പദവി വർദ്ധിപ്പിക്കുക, ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന ആശയം പ്രചരിപ്പിക്കുക, ജനസംഖ്യാ വിദ്യാഭ്യാസം നടപ്പാക്കുക എന്നീ ആശയങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഭരണകൂടങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കണം. ജനസംഖ്യാവർദ്ധനവിനെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ മനുഷ്യവിഭവശേഷിയെ വേണ്ട വിധം പ്രയോജനപ്പെടുത്താനും ഭരണകൂടങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ജനസംഖ്യാവിസ്ഫോടനം എന്ന ഭീഷണിയെ ചെറുക്കാൻ രാഷ്ട്രങ്ങൾക്ക് കഴിയും.