Site icon Ente Koratty

പുതുവത്സര ആഘോഷം ആന്ധ്രപ്രദേശിലെ  ബിമഡോളു ഗ്രാമത്തില്‍

ഡേവീസ് വല്ലൂരാന്‍, തിരുമുടിക്കുന്ന്

2020 പുതുവത്സരം ആന്ധ്രപ്രദേശിലെ ബിമഡോളു ഗ്രാമത്തില്‍ ഗ്രാമവാസികളോടും വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലെ വൈദികരോടും തിരുമുടിക്കുന്ന് ഇടവക മുന്‍വികാരി റവ. ഫാ. പോള്‍ ചുള്ളിയോടും വിശ്വാസ പരിശീലന അധ്യാപകരോടുമൊപ്പമാണ് ആഘോഷിച്ചത്.

തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയില്‍ മിഷന്‍ ഞായര്‍ ആചരണത്തിന്‍റെ ഭാഗമായി ഇടവകയില്‍നിന്ന് സംഭരിച്ച തുക ആന്ധ്രപ്രദേശിലെ ബിമഡോളു എന്ന മിഷന്‍ ഗ്രാമത്തിന് നേരിട്ട്  നല്‍കിക്കൊണ്ട്  കാരുണ്യത്തിന്‍റെ മഹനീയ സന്ദേശം നല്‍കിയിരിക്കുകയാണ് ഇടവകക്കാര്‍. കുടിക്കാന്‍ ശുദ്ധജലമോ, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമോ ഇല്ലാത്ത ഗ്രാമമാണ് ബിമഡോളു. അവിടെ കുടിവെള്ള ശുദ്ധീകരണ പദ്ധതിക്കുവേണ്ട ഉപകരണങ്ങള്‍ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കി. വിശ്വാസ പരിശീലന അധ്യാപകരും വിദ്യാര്‍ത്ഥികളും ഇടവകയിലെ വീടുകള്‍ കയറിയിറങ്ങിയാണ് തുക സംഭരിച്ചത്. 

പ്രവൃത്തികൂടാത്ത വിശ്വാസം നിര്‍ജ്ജീവമാണെന്ന് ഇടവകക്കാര്‍ക്ക് ബോദ്ധ്യപ്പട്ടതുകൊണ്ടാണ് അവര്‍  പാവപ്പെട്ടവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന് ഫാ. പോള്‍ ചുള്ളി പറഞ്ഞു. ഇപ്പോള്‍ ആന്ധ്ര മിഷനില്‍ സേവനംചെയ്യുന്ന തിരുമുടിക്കുന്ന് ഇടവക മുന്‍ അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് കേളംപറമ്പില്‍ വി.സി. മുഖേനയാണ് ബിമഡോളു ഗ്രാമത്തില്‍ ശുദ്ധീകരണ പദ്ധതി നടപ്പാക്കിയത്. അങ്ങനെ മിഷന്‍ ഞായര്‍ ആചരണത്തില്‍ വേറിട്ട മാതൃകയായിരിക്കുകയാണ് തിരുമുടിക്കുന്നുകാര്‍.

Exit mobile version