വാക്ക് തർക്കത്തിനൊടുവിൽ ചൈനീസ് ഓഫീസറുടെ മുഖത്ത് ഇന്ത്യൻ സൈനികൻ പ്രഹരിക്കുന്നതും തുടർന്ന് പരസ്പരം മല്ലിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ലഡാകിന് പുറമെ സിക്കിമിലെ അതിർത്തിയിലും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന. വാർത്താചാനലായ എൻഡിടിവിയാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്ത് വിട്ടത്. വാക്ക് തർക്കത്തിനൊടുവിൽ ചൈനീസ് ഓഫീസറുടെ മുഖത്ത് ഇന്ത്യൻ സൈനികൻ പ്രഹരിക്കുന്നതും തുടർന്ന് പരസ്പരം മല്ലിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഈ ദൃശ്യങ്ങൾ എപ്പോള്‍ മൊബൈലില്‍ പകർത്തിയതാണെന്നതില്‍ വ്യക്തതയില്ല. എന്നാൽ ഗൽവാൻ ഏറ്റുമുട്ടലിലടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത സൈനികുദ്യോഗസ്ഥർ തമ്മിൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സിക്കിം അതിർത്തിയിലെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇരു സൈനിക വിഭാഗങ്ങളും തമ്മിലുള്ള വാക്പോരും മൽപിടിത്തവുമാണ് ദൃശ്യങ്ങളിലുള്ളത്.
മഞ്ഞ് മൂടിയ മലനിരകളിലാണ് സംഭവം. 5 മിനുട്ട് നീണ്ട ഈ പോര് പിന്നീട് ഒരു ഇന്ത്യൻ സൈനികൻ ഇടപെട്ട് ശാന്തമാക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ലഡാക്കില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന് ജൂൺ ആറിന് ധാരണയായെങ്കിലും ചൈനീസ് ആക്രമണത്തോടെ ഏറ്റുമുട്ടലിലേക്ക് പോവുകയായിരുന്നു. ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു.
ആൾനാശമടക്കം 45 ചൈനീസ് സൈനികർക്ക് പരിക്കേറ്റെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സൈനിക പിന്മാറ്റം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ലഫ് ജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടന്നത്. തങ്ങളുടെ കമാണ്ടർ വധിക്കപ്പെട്ടുവെന്ന് ചൈന ഈ യോഗത്തിൽ സമ്മതിക്കുകയും ചെയ്തു.