Site icon Ente Koratty

പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ചു; കിഴക്കൻ ലഡാക്കിലെ സൈന്യം ഏത് വെല്ലുവിളിയും നേരിടാൻ സജ്ജം

കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം ഏത് വെല്ലുവിളിയും നേരിടാൻ തയാറാകുന്നവിധം പൂർണ്ണ സജ്ജമായതായി സൈന്യം കേന്ദ്രസർക്കാരിനെ അറിയിച്ചു. പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് ആണ് സൈനിക തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തിൽ ഡൽഹിയിൽ വീണ്ടും വിലയിരുത്തും.

പതിനായിരത്തോളം സൈനികരെ വിന്യസിച്ചാണ് കിഴക്കൻ ലഡാക്കിലെ ചൈനീസ് പ്രകോപനം. ഇതിൽ പകച്ച് പോയിട്ടില്ല എന്ന് തെളിയിക്കും വിധമാണ് ഇന്ത്യ ക്രമികരണങ്ങൾ പൂർത്തിയാക്കിയത്. നിരവധി പോർ വിമാനങ്ങളും ട്രാൻസ്‌പോർട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യ മുൻനിരയിലെ താവളങ്ങളിലേക്കും എയർ സ്ട്രിപ്പുകളിലേക്കും എത്തിച്ചു. ഭൂമിശാസ്ത്രപരമായി ഇവിടെ ചൈനയേക്കാൾ മേൽക്കോയ്മ ഇന്ത്യയ്ക്കാണ്.

സുഖോയ് എം. കെ 1, മിറാഷ്, ജാഗ്വാർ തുടങ്ങിയവയ്ക്ക് ഇന്ത്യൻ ബേസുകളിൽ നിന്ന് സംഘർഷ മേഖലകളിലേക്ക് അതിവേഗമെത്താൻ സാധിക്കും. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ കരസേനയ്ക്ക് വ്യോമ പിന്തുണ നൽകാൻ അമേരിക്കൻ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും വിന്യസിച്ച് കഴിഞ്ഞു. ഗാൽവൻ താഴ്‌വരയിലും സംഘർഷ പ്രദേശങ്ങളിലും സൈനികരെ എത്തിക്കാൻ ലേ വ്യോമത്താവളത്തിലും പരിസരങ്ങളിലും നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകൾ ആണ് തയാറായിട്ടുള്ളത്. സൈനികരെയും സാമഗ്രികളും എത്തിക്കാൻ എം. ഐ 17 വി 5 ഹെലികോപ്റ്ററുകളും തയ്യാർ. ക്രമീകരണങ്ങൾ ഏത് സാഹചര്യവും നേരിടാൻ പാകത്തിൽ പൂർത്തിയായതായി സൈന്യം ക്രേന്ദ്രസർക്കാരിനെ അറിയിച്ചു.

അതേസമയം ഇന്ന് പ്രതിരോധമന്ത്രി വീണ്ടും ഇന്ത്യൻ അതിർത്തിയിലെ സാഹചര്യം വിലയിരുത്തും. മൂന്ന് സൈനിക മേധാവികളും ചീഫ് ഒഫ് ഡിഫൻസ് സ്റ്റഫും യോഗത്തിൽ പങ്കെടുക്കും.

Exit mobile version