കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ 7 പാക് സൈനികർ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 3 ഗ്രാമവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടു. പാക് ഷെല്ലാക്രമണത്തിൽ 3 ഇന്ത്യൻ സേനാംഗങ്ങൾ വീരമൃത്യു വരിച്ചു.
ഉച്ചയ്ക്ക് 1.15 ഓടെയാണ് കുപ്വാര ജില്ലയിലെ നൗഗാം സെക്ടറിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ രാകേഷ് ദോബൽ വീരമൃത്യു വരിച്ചത്. ഉറി ജില്ലയിലെ നംബല സെക്ടറിൽ നടന്ന പാക് ആക്രമണത്തിൽ രണ്ട് സൈനികരും വീരമൃത്യു വരിച്ചു. കൂടാതെ ഹാജി പീർ സെക്ടറിലും, കമാൽക്കോട്ട് സെക്ടറിലും നടത്തിയ പാക് ആക്രമണത്തിൽ ഒരു സ്ത്രീയടക്കം 3 നാട്ടുകാരും കൊല്ലപ്പെട്ടു.
ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ 3 എസ്എസ്ജി കമാൻഡോകൾ ഉൾപ്പെടെ 7-8 പാക് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങൾ അറിയിച്ചു. 12 പേർക്ക് പരിക്കേറ്റു. പാകിസ്ഥാനിൻ്റെ ആർമി ബങ്കറുകളും, ലോഞ്ച് പാഡുകളും ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നശിച്ചു. പാകിസ്താൻ്റെ ഭാഗത്ത് നിന്ന് വെടിവെയ്പ്പ് ഇപ്പോഴും തുടരുന്നു ഉണ്ടെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ശക്തമായ തിരിച്ചടി ഇനിയും നൽകാനാണ് ഇന്ത്യൻ സേനയുടെ തീരുമാനം. ഈ വർഷം നാലായിരത്തിലധികം തവണ പാക്കിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.