ലോക്സഭയിൽ ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന. അതിർത്തി പ്രശ്നം പരിഹരിക്കാതെ തുടരുന്നുവെന്നും അതിർത്തി രേഖ ചൈന അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനം നിലനിർത്താൻ രണ്ട് രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.
അതിർത്തിയിലെ ഏത് നീക്കവും ഉഭയകക്ഷി ബന്ധത്തെ ബാധിക്കും. ഏപ്രിൽ മുതൽ ചൈന അതിർത്തിയിൽ സേന വിന്യാസം വർധിപ്പിച്ചു. സംഘർഷത്തിന് ഉത്തരവാദി ചൈനയാണ്. ചൈന അതിർത്തി ലംഘിക്കാൻ ശ്രമിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും ചർച്ചകളിലൂടെ സേനാ പിന്മാറ്റം സാധ്യമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം ചൈനയുടെ നിരീക്ഷണ നീക്കം കേന്ദ്ര സർക്കാർ പരിശോധിക്കും. വിഷയം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതലപ്പെടുത്തി. അതിനിടെ രാജ്യത്തിന്റെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ചൈന നിരീക്ഷിക്കുകയാണ്.
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിഷയം പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇന്ത്യയിലെ പ്രമുഖരെ പിന്തുടർന്ന് എത്രത്തോളം വിവരങ്ങൾ ശേഖരിച്ചു എന്ന് പരിശോധിക്കും. രാജ്യത്തെ സൈബർ ഏജൻസികളുടെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും സഹായത്തോടെയാണ് പരിശോധിക്കുക.