Site icon Ente Koratty

പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന, പ്രത്യേക വിമാനം: കേരളത്തെ തള്ളി കേന്ദ്രം

പ്രവാസികള്‍ക്കായി സംസ്ഥാനം ഒരുക്കാന്‍ തീരുമാനിച്ച ട്രൂനാറ്റ് കോവിഡ് പരിശോധന അപ്രായോഗികമെന്ന് കേന്ദ്ര സര്‍ക്കാര്‍. പല രാജ്യങ്ങളും ട്രൂനാറ്റ് പരിശോധന അംഗീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. രോഗലക്ഷണമുള്ളവരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം വേണമെന്ന ആവശ്യവും കേന്ദ്രം തള്ളി.

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. പരിശോധനയ്ക്ക് കേന്ദ്രം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ട്രൂനാറ്റ് കിറ്റ് വിദേശ രാജ്യങ്ങളില്‍ എത്തിച്ച് പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കിറ്റ് വിദേശത്ത് എത്തിക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതിയും തേടി. എന്നാല്‍ വിവിധ രാജ്യങ്ങളിലെ എംബസികളുമായി കേന്ദ്രം ബന്ധപ്പെട്ടുവെങ്കിലും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. പല രാജ്യങ്ങളിലും ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതിയില്ലാത്തത് കൊണ്ട് സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

രോഗമുള്ളവരേയും ഇല്ലാത്തവരേയും ഒരേ വിമാനത്തില്‍ കൊണ്ട് വരാന്‍ കഴിയില്ലെന്ന സംസ്ഥാനത്തിന്റെ നിര്‍ദേശവും കേന്ദ്രം തള്ളി. രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക വിമാനം അനുവദിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തില്‍ നല്‍കിയ ഇളവ് നാളെ അവസാനിക്കാനിരിക്കെ പ്രവാസികളുടെ തിരിച്ച് വരവ് അനിശ്ചിത്തിലായി. ട്രൂനാറ്റ് പരിശോധനയ്ക്ക് പകരം ആന്‍റി ബോര്‍ഡി ടെസ്റ്റ് നടത്താന്‍ കഴിയുമോ എന്ന ആലോചന സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Exit mobile version