Site icon Ente Koratty

ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; തൃശൂർ കോർപറേഷൻ ആരോഗ്യ വിഭാഗം ഓഫീസ് അടച്ചു

തൃശൂർ കോർപറേഷനിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോർപറേഷനിലെ ആരോഗ്യവിഭാഗം ഓഫീസ് അടച്ചു. രോഗം സ്ഥിരീകരിച്ചയാൾ എത്തിയ യോഗത്തിൽ പങ്കെടുത്ത മന്ത്രി വി എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പോയി.

മുൻപ് രോഗം സ്ഥിരീകരിച്ച കോർപറേഷൻ ജീവനക്കാരിൽ നിന്നാകാം ആരോഗ്യപ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായതെന്നാണ് വകുപ്പിന്റെ അനുമാനം. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം നിരീക്ഷണത്തിൽ പോകേണ്ടവരുടെ പട്ടിക തയാറാക്കും. അതേസമയം യോഗത്തിൽ പങ്കെടുത്ത മേയർ ഉൾപ്പെടെ സ്വയം നിരീക്ഷണത്തിലാണ്.

ഇന്നലെ രാത്രിയാണ് മന്ത്രി വി എസ് സുനിൽ കുമാർ സെൽഫ് ക്വാറന്റീനിൽ പോകാൻ തീരുമാനിച്ചത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വി എസ് സുനിൽകുമാർ നിരീക്ഷണത്തിൽ കഴിയുന്നത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മുൻകരുതൽ നടപടിയുടെ ഭാഗമായാണ് താൻ നിരീക്ഷണത്തിൽ പ്രവേശിച്ചതെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

കൊവിഡ് പ്രവർത്തനങ്ങളുടെ അവലോക യോഗങ്ങളിലും മറ്റ് മേഖലാ സന്ദർശനങ്ങളിലും മാസ്‌കും, കയ്യുറയും ധരിച്ച് മാത്രമാണ് എത്തിയതെന്നും അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായും ടെലിഫോണിലൂടെയുമെല്ലാം കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version