Site icon Ente Koratty

ലോകത്താകമാനം സാമ്പത്തികമാന്ദ്യത്തിന് സാധ്യത; ഇന്ത്യ വേഗത്തില്‍ തിരിച്ചുവരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍

കോവിഡിന്റെ സാഹചര്യത്തിൽ റിസർവ് ബാങ്ക് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട-ഇടത്തരം ബാങ്കിങ് സ്ഥാപനങ്ങൾക്ക് 50,000 കോടിയും നബാര്‍ഡിനും സിഡ്ബിക്കും വേണ്ടി 50,000 കോടിയുടെ മൂലധന സഹായവും പ്രഖ്യാപിച്ചു. റിവേഴ്സ് റിപ്പോ കാൽ ശതമാനം കുറച്ചു. സംസ്ഥാനങ്ങൾക്ക് ദൈനംദിന ചെലവുകൾക്കുള്ള തുക 60% മുൻകൂറായി എടുക്കാനും ആര്‍.ബി.ഐ അനുവാദം നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം വായ്പകൾക്ക് മോറോട്ടോറിയം പ്രഖ്യാപിച്ചതിനു ശേഷം ഇത്തവണ സാമ്പത്തിക മേഖലയിൽ കൂടുതൽ ഇളവുകളാണ് ആര്‍.ബി.ഐ ഗവർണർ ശക്തി കാന്തദാസ് പ്രഖ്യാപിച്ചത്. ചെറുകിട, ഇടത്തരം ബാങ്കിങ് ഇതര ധനസ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് പണം നൽകും. ഇതിനായി 50,000 കോടി രൂപ ആര്‍.ബി.ഐ അനുവദിക്കും. നബാര്‍ഡ്, സിഡ്ബി തുടങ്ങിയവക്ക് 50,000 കോടി രൂപ മൂലധന സഹായമായി അനുവദിക്കും. വിപണിയില്‍ നിന്ന് പണം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നബാര്‍ഡിന് 25,000 കോടി, നാഷണല്‍ ഹൌസിങ് ബാങ്കിന് 10,000 കോടി, സിഡ്ബിക്ക് 15,000 കോടിയും അനുവദിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. റിവേഴ്സ് റിപ്പോ നിരക്ക് നാലില്‍ നിന്ന് 3.75 ശതമാനമാക്കി കുറച്ചു. എന്നാൽ റിപ്പോ നിരക്കിൽ മാറ്റമില്ല. സംസ്ഥാനങ്ങള്‍ക്ക് ദൈനംദിന ചെലവുകള്‍ക്ക് 60 ശതമാനം തുക മുന്‍കൂറായെടുക്കാനും അനുവാദം നൽകുന്നതായി അദ്ദേഹം പറഞ്ഞു

വലിയ മാന്ദ്യമാണ് ഐ.എം.എഫ് തന്നെ പ്രവചിക്കുന്നതെങ്കിലും ഇന്ത്യ 1.9 ശതമാനം വളര്‍ച്ച നേടുമെന്നാണെന്ന് ഐ.എം.എഫ് കരുതുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. കോവിഡിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേഗത്തില്‍ തിരിച്ചുവരും. കോവിഡ് മൂലം സേവന മേഖലയിലും വലിയ തിരിച്ചടിയാണെന്നും എന്നാൽ വിപണിയിലേക്കുള്ള പണമൊഴുക്കിനെ ലോക് ഡൌണ്‍ ബാധിച്ചിട്ടില്ലെന്നും ശക്തി കാന്തദാസ് ചൂണ്ടിക്കാട്ടി. മാര്‍ച്ച് 27 വരെ വിപണിയിലെത്തിച്ചത് ജി.ഡി.പിയുടെ 3.2 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version