ന്യുഡൽഹി: ഡൽഹി കാൻസർ ആശുപത്രിയിലെ രണ്ടു നഴ്സുമാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ ഇവിടുത്തെ ഒരു ഡോക്ടർക്കും അദ്ദേഹത്തേടൊപ്പം ജോലി ചെയ്തിരുന്ന നാല് നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാർച്ച് 31നാണ് ഡോക്ടർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടർക്ക് കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ ഒന്നിന് ആശുപത്രി അണുവിമുക്തമാക്കുന്നതിനായി അടച്ചിട്ടിരുന്നു.
ഡൽഹിയിൽ കോവിഡ് വ്യാപന ഭീതിയെ തുടർന്ന് ആർ.കെ. പുരം ചേരി അടച്ചു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ രാജ്യത്ത് 302 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എയിംസിലെ ട്രോമ സെൻററിലെ ശുചീകരണ തൊഴിലാളിക്ക് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശനിയാഴ്ച 59 പേർക്ക് കൂടി ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 445 ആയി. ഇതിൽ 301 പേരും നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സംഗമത്തിൽ പങ്കെടുത്തവരാണ്.
നേരത്തേ മൊഹല്ല ക്ലിനിക്കിലെ രണ്ടു ഡോക്ടർമാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെയാണ് ഒരു ഡോക്ടർക്ക് കോവിഡ് പിടിെപട്ടത്. ഇയാളുടെ ഭാര്യക്കും മകൾക്കും കോവിഡ് ബാധ കണ്ടെത്തി. മറ്റൊരു ഡോക്ടർക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമല്ല.