കോവിഡ് കാലത്തെ വെന്റിലേറ്റർ ക്ഷാമത്തിന് പരിഹാരവുമായി ഒരു കൂട്ടം എഞ്ചിനീയർമാർ. കോവിഡ് രോഗികൾക്കുള്ള വെന്റിലേറ്ററുകൾ കുറഞ്ഞ ചെലവിൽ നിർമിച്ചിരിക്കുകയാണ് ഇവർ. രോഗികൾ കൂട്ടത്തോടെ എത്തുമ്പോൾ ആശുപത്രികളിൽ വെന്റിലേറ്ററുകൾക്ക് ദൗർലഭ്യമുണ്ടായാൽ അടിയന്തര സാഹചര്യം നേരിടാൻ പുതിയ വെന്റിലേറ്ററുകൾ സഹായകമാകുമെന്നും എഞ്ചിനീയർമാർ പറയുന്നു.
മാനുവലായി പ്രവര്ത്തിക്കുന്ന ആംബോ ബാഗോടെയാണ് വെന്റിലേറ്റർ നിർമിച്ചിരിക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ഫോണുമായി ബന്ധപ്പെടുത്തിയാണ് പ്രവർത്തനം. വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനവുണ്ടാകുമെന്ന് നെക്സ്റ്റ് ബൈറ്റ് ഇന്നൊവേഷൻസ് കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ കൃഷ്ണ ഗഞ്ജി പറയുന്നു. പുതിയ വെന്റിലേറ്ററിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസും കൃഷ്ണ ഗഞ്ജി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തെലങ്കാന മന്ത്രി കെ ടി രാമറാവുവിനെയും അദ്ദേഹം ടാഗ് ചെയ്തിരുന്നു.
രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിന് പോലും നിലവിലെ വെന്റിലേറ്റർ സംവിധാനം മതിയാകില്ലെന്നും അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിലാണ് മാറ്റിവയ്ക്കാവുന്ന ചെലവ് കുറഞ്ഞ വെന്റിലേറ്റർ സംവിധാനം നിർമിക്കാൻ തീരുമാനമെടുത്തത്. ”ഇത് ആശുപത്രികളിൽ നിലവിലുള്ള വെന്റിലേറ്ററുകൾക്ക് തുല്യമാകില്ല. പക്ഷേ, സ്ഥിതിഗതികൾ വഷളായാൽ ഏറെ സഹായകമാകും പുതിയ ഉപകരണം”- അദ്ദേഹം പറഞ്ഞു.
വെന്റിലേറ്റർ 4000 രൂപയ്ക്ക് ലഭ്യമാക്കാൻ കഴിയുമെന്നും എഞ്ചിനീയർമാർ പറയുന്നു. നിലവിൽ വെന്റിലേറ്ററുകളുടെ വില ആറു ലക്ഷത്തിലാണ് തുടങ്ങുന്നത്. അതിനിർണായകമായ ഈ സമയത്ത് നൂതന ആശയങ്ങളുമായി ഒരുപാടുപേർ രംഗത്ത് വരുന്നുണ്ടെന്ന് മന്ത്രി രാമറാവു ട്വീറ്റ് ചെയ്തു. പുതിയ ഉപകരണത്തിന്റെ ഫലപ്രാപ്തി പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനോട് മന്ത്രി നിർദേശിച്ചു.