ബംഗളൂരു: കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന നിലപാട് ആവർത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
കേരള കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രിഎച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
കേരള- കര്‍ണാടക അതിര്‍ത്തി അടക്കുന്നത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല. അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം കാസര്‍കോടും സമീപ പ്രദേശങ്ങളിലും കോവിഡ് 19 വ്യാപനം ഭയപ്പെടുത്തുന്നതാണ്. ഇതിനെക്കുറിച്ച് കേരളസര്‍ക്കാരിനും അറിയാവുന്നതാണ്. – യെദ്യൂരപ്പ പറയുന്നു.
അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും. രോഗ വ്യാപനം തടയാന്‍ കഴിയില്ല. അതിര്‍ത്തി കടന്നു വരുന്നവരില്‍ ആര്‍ക്കൊക്കെ കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താനുള്ള സാഹചര്യമില്ല. സംസ്ഥാന അതിര്‍ത്തി അടച്ചത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണെന്നും യെദ്യൂരപ്പ പറഞ്ഞു.
അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ ബി എസ് യെദ്യൂരപ്പക്ക് കത്ത് അയച്ചിരുന്നു. ഇതിന്റെ മറുപടിയായി അയച്ച മൂന്ന് പേജുള്ള കത്തിലാണ് യെദ്യൂരപ്പ നിലപാട് ആവർത്തിക്കുന്നത്. മാനുഷികപരിഗണന കണക്കിലെടുത്ത് കേരള അതിർത്തി തുറക്കണമെന്ന് മാർച്ച് 31നാണ് എച്ച് ഡി ദേവഗൗഡ കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.