ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി ആൺകുഞ്ഞിനു ജന്മം നൽകി. കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വെള്ളിയാഴ്ച ആൺകുഞ്ഞിനു ജന്മം നൽകി.
അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയുടെ ഭർത്താവിനും കോവിഡ് പോസിറ്റീവാണ്. ഇയാളെയും വ്യാഴാഴ്‌ച തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് കോവിഡ് ബാധിതയായ സ്ത്രീ പ്രസവിക്കുന്നത്.
അമ്മയ്‌ക്ക് കോവിഡ് ബാധയുള്ളതിനാൽ കുട്ടിയെ കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 10 പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് പ്രസവത്തിന് നേതൃത്വം നൽകിയത്. പ്രസവത്തിനായി ഐസൊലേഷൻ വാർഡ് ഓപ്പറേഷൻ തിയേറ്ററാക്കി മാറ്റുകയായിരുന്നു. പ്രസവസമയത്ത് യുവതി ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത് വെല്ലുവിളിയായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.
കൊറോണ കാലത്ത് ജനിച്ച ഇരട്ട കുഞ്ഞുങ്ങൾക്ക് ‘കൊറോണ’, ‘കോവിഡ്’ എന്നു പേരിട്ട വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുമ്പോൾ നവജാത ശിശുക്കൾക്ക് കൊറോണയെന്നും കോവിഡെന്നും പേരിട്ടത് ഛത്തീസ്ഗഡിലെ ദമ്പതികളാണ്.