Site icon Ente Koratty

മാസ്‌കിനു വേണ്ടി ‘ലോകയുദ്ധം’; 2 ലക്ഷം മാസ്‌ക് അമേരിക്ക കൊള്ളയടിച്ചെന്ന് ജര്‍മനി

ആയിരങ്ങളുടെ ജീവനെടുത്തു കൊറോണ ഭീതി പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്‌കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി. ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ജര്‍മനി ആരോപിച്ചു. ജര്‍മനിയിലേക്കു വിമാനമാര്‍ഗം കൊണ്ടുപോയ മാസ്‌കുകള്‍ ബാങ്കോക്കില്‍ തടഞ്ഞ് അമേരിക്കയിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കന്‍ കമ്പനിയായ 3എമ്മിനു വേണ്ടി മാസ്‌ക് നിര്‍മിച്ചു നല്‍കുന്നത് ഒരു ചൈനീസ് കമ്പനിയാണ്. ചൈനയില്‍നിന്നു കൊണ്ടുപോയ മാസ്‌കുകള്‍ അമേരിക്ക പിടിച്ചെടുത്തുവെന്നാണ് ആരോപണം.

കോവിഡ് 19 നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി രാജ്യാന്തരവിപണിയില്‍ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് അമേരിക്കയ്‌ക്കെതിരെ ആരോപണവുമായി ജര്‍മനി രംഗത്തെത്തിയത്. ഫ്രാന്‍സും സമാനമായ ആരോപണം ഉയര്‍ത്തിയിട്ടുണ്ടെന്നാണു സൂചന. ‘ആധുനിക കാലത്തെ കൊള്ള’ എന്നാണ് ബെർലിൻ സ്റ്റേറ്റിന്റെ ആഭ്യന്തരമന്ത്രി ആന്‍ഡ്രിയാസ് ജീസെല്‍ പറഞ്ഞത്. അമേരിക്ക രാജ്യാന്തര നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആന്‍ഡ്രിയാസ് ജര്‍മന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് 3എം എന്ന അമേരിക്കന്‍ കമ്പനി അറിയിച്ചു. ബെര്‍ലിന്‍ പൊലീസില്‍നിന്ന് ഓര്‍ഡറൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ആയിരങ്ങള്‍ മരിച്ചുവീഴുന്നതിനിടയില്‍ ഇത്തരത്തില്‍ ആരോപണം ഉയരുന്നതിലൂടെ യൂറോപ്പും അമേരിക്കയും തമ്മിലുള്ള അഭിപ്രായഭിന്നതയാണു പുറത്തുവരുന്നത്. റഷ്യയില്‍നിന്നും ചൈനയില്‍നിന്നും സഹായം സ്വീകരിക്കുന്നതാണ് ഉചിതമെന്നും മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കരുതുന്നു.

മാസ്‌കുകള്‍ നേരിട്ടു കണ്ട് ഗുണനിലവാരം ഉറപ്പാക്കിയശേഷം പണം നല്‍കാനാണ് ജര്‍മനി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒന്നും നോക്കാതെ പണം നല്‍കി മാസ്‌കുകള്‍ സ്വന്തമാക്കുകയാണ് അമേരിക്ക ചെയ്തതെന്ന് ജര്‍മന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അമേരിക്ക മൂന്നു മടങ്ങ് വരെ വില അധികം നല്‍കി ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥരും ആരോപിച്ചു.


അതേസമയം, മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും വന്‍തോതില്‍ സംഭരിക്കാനുള്ള ശ്രമമാണ് അമേരിക്കയില്‍ നടക്കുന്നത്. രണ്ടരലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിക്കുകയും 6600 പേര്‍ മരിക്കുകയും ചെയ്തതോടെ കടുത്ത ജാഗ്രതയിലാണ് രാജ്യം. കൂടുതല്‍ മാസ്‌കുകള്‍ നിര്‍മിക്കാന്‍ 3എമ്മിനോട് യുഎസ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്.

സാധാരണ ഉച്ഛ്വാസത്തിനൊപ്പവും സംസാരിക്കുമ്പോഴും കൊറോണ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്നു മുതിര്‍ന്ന യുഎസ് ശാസ്ത്രജ്ഞൻ അന്തോണി ഫൗസി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെ എല്ലാവരും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്.

Exit mobile version