ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ചിട്ടുള്ള 20,000 മുതൽ 30,000 വരെ വെന്റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് നീതി ആയോഗ്. പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ സ്ഥാപിച്ച വെന്റിലേറ്ററുകളാണ് അറ്റകുറ്റപണിയും പാർട്സുകൾ ഇല്ലാത്തതും കാരണം തകരാറിലായത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് സ്വയം പ്രതിരോധ ഉപകരണം (പി.പി.ഇ കിറ്റ്) സംബന്ധിച്ച ചർച്ച നടന്നത്. യോഗത്തിൽ പങ്കെടുത്ത കോൺഫഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സി.ഐ.ഐ) മുതിർന്ന പ്രതിനിധികളെയാണ് അമിതാഭ് കാന്ത് ഇക്കാര്യമറിയിച്ചത്.
വെന്റിലേറ്ററിന്റെ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാന സർക്കാരുകളോട് നീതി ആയോഗ് ആവശ്യപ്പെടും. വെന്റിലേറ്ററുകളുടെ തകരാർ പരിഹരിക്കാൻ വേണ്ടി നിർമാണ കമ്പനികളെയും സർവീസ് ധാതാക്കളെയും കൂട്ടിയോജിപ്പിച്ച് പ്രവർത്തനം നടത്തുമെന്ന് സി.ഐ.ഐ വൃത്തങ്ങൾ അറിയിച്ചു. വെന്റിലേറ്ററിന്റെ തകരാർ പരിഹരിക്കാൻ ആവശ്യമായ പാർട്സുകളുടെ പട്ടിക തയാറാക്കും.
ചെറുകിട നിർമാതാക്കളാണ് വെന്റിലേറ്ററുകൾ ഉണ്ടാക്കുന്നതെന്നും നിർമാതാക്കളുടെയും വൻകിട കമ്പനികളുടെയും കൂട്ടായ്മക്ക് രൂപം നൽകുമെന്നും സി.ഐ.ഐ ഡയറക്ടർ ജനറൽ ചന്ദ്രജിത്ത് ബാനർജി പറഞ്ഞു. കൂട്ടായ്മ വഴി വെന്റിലേറ്ററിന്റെ വിതരണം വേഗത്തിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 50,000 പുതിയ വെന്റിലേറ്ററുകൾ അടിയന്തരമായി കൈമാറണമെന്ന് നിർമാണ കമ്പനികളോട് കേന്ദ്ര സർക്കാർ ഒാർഡർ നൽകിയിരുന്നു.