Site icon Ente Koratty

പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം

കോവിഡ്‌ പ്രതിരോധത്തിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കാതെ മെഴുകുതിരി കത്തിക്കാനും ടോർച്ചടിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച്‌ പ്രതിപക്ഷ പാർടികൾ. ശൂന്യമായ ഇത്തരം പ്രതീകാത്‌മക നടപടികൾക്ക്‌ പകരം മഹാമാരി ചെറുക്കാനുള്ള പ്രഖ്യാപനങ്ങളും സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടു വരുന്നതിനുള്ള നടപടികളുമാണ്‌ ആവശ്യമെന്ന്‌ പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു.

ആവശ്യത്തിന്‌ പരിശോധന രാജ്യത്ത്‌ നടക്കുന്നില്ല. ആരോഗ്യപ്രവർത്തകർക്ക്‌ സുരക്ഷാസാമഗ്രികൾ മതിയായതോതില്‍ ലഭ്യമല്ല. വെന്റിലേറ്ററുകൾ, ഐസൊലേഷൻ വാർഡുകൾ, ഐസിയു യൂണിറ്റുകൾ എന്നിവയുടെ കാര്യത്തിലും രാജ്യം ഏറെ പിന്നിലാണ്‌. ഈ പോരായ്‌മ എങ്ങനെ മറികടക്കുമെന്ന്‌ പ്രധാനമന്ത്രി വിശദീകരിക്കുന്നില്ല. സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണ്‌. കൂട്ടപിരിച്ചുവിടലിലേക്ക്‌ പല സ്ഥാപനങ്ങളും കടക്കുന്നു. 45 കോടിയോളം തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ഈ സ്ഥിതി അതിജീവിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ല. പാത്രം കൊട്ടലും ടോർച്ചടിക്കലും പ്രശ്‌ന പരിഹാരമല്ല–- പ്രതിപക്ഷ നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി.

പകർച്ചവ്യാധി വിദഗ്‌ധരും സാമ്പത്തികവിദഗ്‌ധരും നൽകുന്ന ഉപദേശങ്ങൾ പരിഗണിക്കണം–- പി ചിദംബരം ട്വിറ്ററില്‍ കുറിച്ചു. അനാവശ്യമായ ‘ഹോംവർക്കു’കൾ നൽകുന്നത്‌ മോഡി അവസാനിപ്പിക്കണമെന്ന്‌ മുതിർന്ന അഭിഭാഷകൻ കൂടിയായ മനുഅഭിഷേക്‌ സിങ്‌വി പറഞ്ഞു.

ചരിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവർത്തിക്കപ്പെടുമെന്ന്‌ മഹാനായ ഒരു ചിന്തകൻ പണ്ട്‌ പറഞ്ഞിട്ടുണ്ടെന്ന്‌ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ട്വിറ്ററിലൂടെ ഓര്‍മപ്പെടുത്തി.

Exit mobile version