മംഗളുരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നു വരുന്നവരെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു, മംഗളുരുവിലെ 8 മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇത്തരമൊരു വിവാദ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ മംഗളുരുവിലെ എട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കിയിരുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു രോഗിയെയും ചികിത്സിക്കരുത്, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുത് എന്ന നിര്‍ദേശമായിരുന്നു ആ ഉത്തരവിലുണ്ടായിരുന്നത്. ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസറുടെ പേരിലായിരുന്നു ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് ഇറങ്ങിയതോടുകൂടി തന്നെ വലിയ വിവാദമുയര്‍ന്നിരുന്നു.
നിരവധി മലയാളികള്‍ ഇതിനകം തന്നെ മംഗളുരുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സകളിലാണ്. ഈ ഉത്തരവിനെ തുടര്‍ന്ന് ഈ രോഗികളെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യേണ്ടിവരുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.
ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് ഏറെ പ്രയാസം അനുഭവിക്കുന്ന, ആംബുലന്‍സില്‍ ചികിത്സതേടി മംഗളുരുവിലേക്ക് പോയ രോഗികളെ വരെ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ഈ ആശങ്കയ്ക്കെല്ലാമാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവോടെ ആശ്വാസമായിരിക്കുന്നത്. മംഗളുരുവിലെ ആരോഗ്യ കുടുംബക്ഷേമ ഓഫീസറുടെ പേരില്‍ തന്നെയാണ് ഈ ഉത്തരവും പുറത്തുവന്നിട്ടുള്ളത്.