ടോക്കിയോ: ഒളിന്പിക്സ് വേദിയായ ടോക്കിയോയിൽ താത്കാലിക കോവിഡ് ആശുപത്രി സജ്ജീകരിക്കാൻ നീക്കം. ടോക്കിയോ ഗവർണർ യുറിക്കോ കോയ്ക്കെയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കോവിഡ് ബാധിതരെ പാർപിക്കാൻ അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് ടോക്കിയോയിലെ ഒളിന്പിക്സ് വില്ലേജ് എന്നും പക്ഷേ, വില്ലേജിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തീർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈ കൊല്ലത്തെ ഒളിംപിക്സ് അടുത്ത കൊല്ലത്തേക്ക് മാറ്റിവച്ചിരുന്നു. രണ്ടാം ലോക യുദ്ധത്തിന് ശേഷം ഇതു ആദ്യമായിട്ടാണ് ഒളിംപിക്സ് മാറ്റി വെയ്ക്കുന്നത്.
വളരെ വേഗത്തിൽ ലഭ്യമാകാവുന്ന സ്ഥലങ്ങൾ സംംബന്ധിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നു പറഞ്ഞ ടോക്കിയോ ഗവർണർ ഒരു ഹോട്ടൽ തന്നെ പൂർണമായും ഇതിനായി സജ്ജീകരിക്കാൻ ഭരണകൂടം ശ്രമം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
ഇവിടുത്തെ അത്ലറ്റ്സ് വില്ലേജ് കോംപ്ലക്സ് 24 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ്. 11,000 ഒളിന്പിക് അത്ലറ്റുകളെയും 4,400 പാരലിന്പിക്സ് അത്ലറ്റുകളെയും മറ്റ് സ്റ്റാഫുകളെയും താമസിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉൾപ്പെടുന്നതാണ് ഇവിടം.
ജപ്പാനിലാകെ 3,300 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 70 പേർക്ക് ഇവിടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.