തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 2 പേർ ഒരു രോഗലക്ഷണവും ഇല്ലാത്തവർ. ഒരു ഇറ്റലിക്കാരനും വിദേശത്തുനിന്നു വന്ന ഒരു മലയാളിയും ആണ് ഇവർ. ലക്ഷണങ്ങളില്ലാത്ത കൂടുതൽ രോഗികളുണ്ടെങ്കിൽ കോവിഡ് പടരാനുള്ള സാധ്യത കൂടുമെന്നതിനാൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
വിദേശികളാണെങ്കിലും വിദേശത്തു നിന്നു മടങ്ങിയെത്തിയവരാണെങ്കിലും പനി, ചുമ, തൊണ്ടവേദന ഉൾപ്പെടെ രോഗലക്ഷണങ്ങളില്ലാത്തവരെ പൊതുവെ പരിശോധിക്കുന്നില്ല. എന്നാൽ, നാട്ടുകാരുടെ ആശങ്കയെത്തുടർന്ന് ഇരുവരുടെയും പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു.
ലക്ഷണങ്ങളില്ലാത്തവരും രോഗവാഹകരാകാനുള്ള സാധ്യത തെളിയിക്കപ്പെട്ടതോടെ ചികിത്സയ്ക്കും ബോധവൽക്കരണത്തിനും നേതൃത്വം നൽകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ മറ്റു രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും വ്യാപകമായി രോഗപരിശോധന നടത്തിയ ഐസ്ലൻഡിലാണ് ഇത്തരം കൂടുതൽ പേരെ കണ്ടത്. ആകെ രോഗികളിൽ 20% പേരിൽ വരെ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കാമെന്നും 30% പേരിൽ ചെറിയ ലക്ഷണങ്ങൾ മാത്രമേ കാണൂ എന്നും വിലയിരുത്തലുണ്ട്.
കോവിഡ് രോഗപരിശോധന കൂടുതൽ വ്യാപകമാക്കും. നാലോ അഞ്ചോ ലക്ഷണങ്ങളുള്ളവരുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുപകരം ഒന്നോ രണ്ടോ ലക്ഷണങ്ങളുണ്ടെങ്കിൽപ്പോലും സാംപിൾ പരിശോധന നടത്തും. പുറമേ, രോഗത്തിന്റെ വ്യാപനസാധ്യത തിരിച്ചറിയാനുള്ള റാപ്പിഡ് ടെസ്റ്റ് ഉടൻ തുടങ്ങും.