തൊടുപുഴ: കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എപി ഉസ്മാൻ ആശുപത്രി വിട്ടു. തുടർച്ചയായി നടത്തിയ കൊവിഡ‍് ടെസ്റ്റുകളെല്ലാം നെഗറ്റീവായതോടെയാണ് ഉസ്മാനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ ഒടുവിലത്തെ പരിശോധനയിലും കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായതോടെ ഉസ്മാനേയും ഉസ്മാനിൽ നിന്നും രോഗം പകർന്ന ചെറുതോണി സ്വദേശിയേയും വീട്ടിലേക്ക് വിടുകയായിരുന്നു. ഇരുവരും ഇനി 28 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയും. അതേസമയം തന്റെ ജാഗ്രതക്കുറവ് പോലും നാട്ടിൽ രോഗം പടർന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്ന് ഉസ്മാൻ പറഞ്ഞു.
ആശുപത്രിയിലെ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാർ, നാട്ടിലെ ആശ പ്രവർത്തകർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എല്ലാരോടും നന്ദിയുണ്ട്. ഞാൻ ബസിലും ഓട്ടോയിലും ട്രെയിനിലുമൊക്കെയായി കുറഞ്ഞ ചിലവിൽ സഞ്ചരിച്ച് നാട്ടിൽ പൊതുപ്രവർത്തനം നടത്തുന്ന ഒരാളാണ്. ഒരു രോഗമുണ്ട് എന്നറിഞ്ഞു കൊണ്ട് ഞാനിന്നു വരെ യാത്ര ചെയ്തിട്ടില്ല.
ആ യാത്രയെ ജാഗ്രതകുറവായി വിശേഷിപ്പിച്ച മുഖ്യമന്ത്രിയോട് എനിക്ക് പരിഭവമില്ല. പക്ഷേ ആ വേദന എന്റെ ഉള്ളിലുണ്ട്. ഞാനറിഞ്ഞോ അറിയാതെയോ എന്നെ ബാധിച്ച അസുഖം ഞാൻ അറിയാതെ തന്നെയാണ് ഞാനുമായി ഇട്ടപ്പെട്ടവരിലേക്ക് വന്നത്. ഇത്രയും പേർക്ക് രോഗം വന്നതിൽ എന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ ഞാനീ പൊതുസമൂഹത്തോട് തന്നെ മാപ്പ് പറയുകയാണ്. ഞാൻ വയ്യാതെ ആശുപത്രിയിൽ കിടന്നപ്പോഴും എന്നെ വിമർശിക്കുകയും ആക്രമിക്കുകയും ചെയ്തവരുണ്ട് അവരോട് ആരോടും എനിക്ക് ദേഷ്യമില്ല.