തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഒമ്പതു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാസര്‍കോട് സ്വദേശികളായ ഏഴുപേര്‍ക്കും തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.
ഇതുവരെ 295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 251 പേര് ചികിത്സയിലുണ്ട്. ചികിത്സയിലായിരുന്ന 14 പേര്‍ക്കു കൂടി ഇന്ന് രോഗം ഭേദമായി. കണ്ണൂരില്‍ ചികിത്സയിലായിരുന്ന അഞ്ചുപേര്‍, കാസര്‍കോട്ട് മൂന്നുപേര്‍, ഇടുക്കിയില്‍ രണ്ടുപേര്‍ കോഴിക്കോട്ട് രണ്ടുപേര്‍, പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര് എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
കോവിഡ്-19 മുക്തരായ റാന്നി സ്വദേശികളായ വയോധിക ദമ്പതിമാരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആരോഗ്യസംവിധാനത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിന് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 1,69,997 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,69,291 പേര് വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 706 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്നുമാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9,131 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 8,126 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ടെസ്റ്റിങ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ നാലഞ്ചു രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുക്കുന്നത്. ഒന്നുരണ്ട് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ സാമ്പിളുകള്‍ എടുക്കാനും പരിശോധിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് രീതിയും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.