നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് വാക്സിൻ വിതരണം ജില്ലയിൽ അന്തിമഘട്ടത്തിൽ. ഇതുവരെ 14,373 പേർ ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ചു.
പോളിംഗ് ഉദ്യോഗസ്ഥർക്ക് മാത്രമായി 74 കേന്ദ്രങ്ങളിൽവാക്സിൻ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. കൂടാതെ വാക്സിൻ വിതരണം നടക്കുന്ന മറ്റ് കേന്ദ്രങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് വാക്സിൻ സ്വീകരിക്കാം. സെക്കന്റ് ഡോസ് വാക്സിൻ മാർച്ച് 24 ന് ശേഷം വിതരണം ചെയ്യും.
തിരഞ്ഞെടുപ്പ് പരിശീലനം പൂർത്തിയായവർ അത് തെളിയിക്കുന്ന വകുപ്പ് തല സർട്ടിഫിക്കറ്റും ആധാർ കാർഡും കൊടുത്തുകൊണ്ട് വാക്സിൻ കേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷൻ ഉറപ്പാക്കണം. കുത്തിവെപ്പ് എടുക്കുമ്പോഴും മറ്റും അലർജി ഉള്ളവർക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകുന്നതല്ല. കുത്തിവെപ്പിന് ശേഷം പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഒബ്സർവേഷൻ റൂമിൽ അരമണിക്കൂർ നീളുന്ന നിരീക്ഷണത്തിന് ശേഷമാണ് വാക്സിൻ സ്വീകരിച്ചവരെ പുറത്തേക്ക് വിടുന്നത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് വാക്സിൻ നൽകുന്നത്.