Site icon Ente Koratty

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി: സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് ജില്ലാ കലക്ടർ

കോവിഡ്-19 പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ നിയന്ത്രണ മാർഗങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വേണ്ടരീതിയിൽ സഹകരിക്കാതെ പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ എസ് ഷാനവാസ്.

നിലവിൽ 15 സെക്ടറൽ മജിസ്ട്രേറ്റ് കോവിഡ് സെന്റിനൽസ് താലൂക്ക് അടിസ്ഥാനത്തിൽ നടപടികൾ എടുത്തു വരുന്നുണ്ട്. ജില്ലയിൽ പോലീസിന്റെ മൂന്നിൽ ഒരു ഭാഗത്തെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കാനും സംസ്ഥാനതലത്തിൽ തീരുമാനമായതായി പോലീസ് മേധാവി അറിയിച്ചു. സ്കൂളുകൾ ട്യൂഷൻ സെന്റർ തുടങ്ങിയവയിൽ പത്താം ക്ലാസ്, പ്ലസ് ടു ഒഴികെയുള്ള ക്ലാസുകൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തിൽ അവ പാലിക്കാതെ മറ്റുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് സ്കൂളുകളിൽ നേരിട്ട് വന്ന് പഠിക്കാൻ അനുവാദമില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന കടകൾ അടപ്പിക്കുന്നതിന് സെക്ടറിൽ മജിസ്ട്രേറ്റ്മാരെയും പോലീസിനെയും ചുമതലപ്പെടുത്തി. ചില സ്ഥാപനങ്ങളിൽ സാനിറ്റൈസർ ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന രഹസ്യ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്.

തഹസിൽദാർമാർ, അഡീഷണൽ തഹസിൽദാർമാർ തുടങ്ങിയവരെ കൂടെ കോവിഡ് പരിശോധനകൾക്കായി നിയോഗിക്കും. 65 വയസ്സ് കഴിഞ്ഞവരെയും 10 വയസ്സിന് താഴെയുള്ളവരെയും ബസ്സുകളിലും ഓട്ടോറിക്ഷകളിലും മറ്റും കയറ്റി കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടുതൽ തീരുമാനങ്ങൾ എടുക്കുന്നതിനായി എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. യോഗത്തിൽ ജില്ലാ പോലീസ് മേധാവി, കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version