Site icon Ente Koratty

നാട്ടിലെങ്ങും അമ്പ് പെരുന്നാളിന്റെ സീസൺ ആണ് ഇപ്പോൾ…

ഷിന്റോ ചേരപറമ്പൻ

കേരളത്തിൽ വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കുന്ന അമ്പ് തിരുനാൾ ഡിസംബർ അവസാന ആഴ്‌ചയിലാരംഭിക്കുകയും ഈസറ്റ്റിന് മുൻപുള്ള 50 നോമ്പിന് മുൻപായി അവസാനിക്കുകയും ചെയ്യും…

ഡയോക്ലീഷ്യൻ എന്ന ചക്രവർത്തി സെന്റ് സെബാസ്റ്റ്യൻ എന്ന ക്രിസ്ത്യൻ യോദ്ധാവിനെ അമ്പെയ്ത് കൊല്ലാൻ ശ്രമിച്ചതിന്റെ ഓർമ്മക്കായി “അമ്പ്” ഒരു പ്രധാന അടയാളമായി വിശ്വാസികൾ കണക്കാക്കുന്നു… എന്നാൽ സെബാസ്റ്റ്യൻ മരണത്തിൽ നിന്നും രക്ഷപ്പെടുന്നു..

കുട്ടികാലത്ത് അമ്പ് പെരുന്നാൾ എന്ന് പറഞ്ഞാൽ പുൽക്കൂട് ഒരുക്കുന്ന പോലെ വർഷത്തിൽ ഒരിക്കൽ രൂപം പുറത്തെടുത്ത് അമ്പ് കുത്തി വെച്ച് പ്രദർശിപ്പിക്കുന്ന പുണ്യാളൻ… പള്ളിയിൽ നിന്നും ഒരമ്പ് വീട്ടിൽ എത്തും.. പ്രാർത്ഥിക്കും നേർച്ച ഇടും….വൈകീട്ട് യൂണിറ്റ് തിരിച്ച് അലങ്കരിച്ച അമ്പ് വണ്ടികൾ പ്രദക്ഷിണമായി പള്ളിയിലേക്ക് കൊണ്ട് പോകും പിന്നൊരു വെടിക്കെട്ട് അത്രയേ ഉള്ളു.

ഇന്ന് വളരേ അർഭാടമായി കൊണ്ടാടുന്ന പെരുന്നാളിന് വാദ്യവും മേളവും ആട്ടവുമായി പ്രദക്ഷിണങ്ങളും ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗവും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. വീടുകൾക്ക് മുന്നിൽ വാഴയുടെ പിണ്ടി കുഴിച്ചിടുകയും അതിൽ അലങ്കരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് പിണ്ടിതിരുനാൾ എന്നും വിളിക്കപ്പെടുന്നത് .

ചെറിയ ഇടവകകളിൽ അമ്പ് തിരുനാൾ ദ്വിദിന ആഘോഷമാണ്.. ആദ്യ ദിവസം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കുകയും രാത്രിയോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജാതിമത ഭേദമെന്യ പ്രദക്ഷിണമായി പള്ളിയിലേക്ക് വരുകയും ചെയ്യുന്നു. രണ്ടാമത്തെ ദിവസം ആഘോഷമായ കുർബാനയും പ്രദക്ഷിണവുമുണ്ടാകും. പട്ടണങ്ങളിലെ പള്ളികളിൽ, ടൗൺ അമ്പ് എന്ന പേരിൽ ജാതിമത ഭേതമന്യേ ഡ്രൈവർ ചേട്ടന്മാരും വ്യാപാരികളും ചേർന്ന് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

തൃശൂർ എറണാകുളം ജില്ലകളിലാണ് മുഖ്യമായും ഈ പെരുന്നാൾ ആഘോഷിക്കുന്നത് ഒപ്പം അർത്തുങ്കൽ, അതിരമ്പുഴ, കുറവിലങ്ങാട് തുടങ്ങിയ പള്ളികളിലും അമ്പ് പെരുന്നാൾ ആഘോഷിക്കുന്നുണ്ട്… കേരളത്തിലെ ഏറ്റവും വലിയ അമ്പ് പെരുന്നാൾ ആഘോഷം കാഞ്ഞൂരിൽ ആണെന്ന് ആണ് പറയപ്പെടുന്നത്..

പണ്ട് കാലത്ത് അമ്പ് വണ്ടികളായി കാളവണ്ടികളും വലി വണ്ടികളും ഒക്കെ ആയിരുന്നു അലങ്കരിച്ചിരുന്നത് … അമ്പ് വണ്ടികൾ വാടകയ്ക്കും കിട്ടുമായിരുന്നു…സാമ്പത്തികമായി പുറകോട്ടുള്ള യൂണിറ്റുകാർ വലിവണ്ടി അലങ്കരിച്ചും വളരേ ചുരുങ്ങിയ വാദ്യങ്ങളുമായി വരുന്നതും കാണാം… പണമുള്ളവർ ആനപ്പുറത്ത് അമ്പ് ഏറ്റുന്ന ചടങ്ങും കണ്ടിട്ടുണ്ട്.

അമ്പ് പെരുന്നാൾ പ്രമാണിച്ച് പിണ്ടി മത്സരങ്ങൾ സംഘടിപ്പിക്കുക പതിവ്… പല നിറത്തിലും രൂപത്തിലുമുള്ള പിണ്ടികൾ കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്..ചില സ്ഥലങ്ങളിൽ ഏറ്റവും വലിയ വാഴയ്ക്ക് ആണ് സമ്മാനം നൽകുക.

ഇന്ന് ഓരോ യൂണിറ്റ് കാരുടെയും കഴിവ് തെളിയിക്കാൻ ഒരു അവസരം കൂടി ആണ്, ബാൻഡ് സെറ്റുകളെ നേരത്തെ ബുക്ക്‌ ചെയ്തില്ലെങ്കിൽ കിട്ടില്ല പിന്നേ കിട്ടുന്നത് ചെണ്ട മേളം ആയിരിക്കും അത് ഒരു കുറച്ചിലായി കണ്ടിരുന്നുവെങ്കിലും ബാൻഡ് സെറ്റുകളും ശിങ്കാരി മേളങ്ങളും നാസിക് ഡോളും കയ്യേറിയ പെരുന്നാൾ പ്രദക്ഷിണങ്ങളും, ഒപ്പം കവലകൾ തോറുമുള്ള മത്സര കരിമരുന്ന് പ്രയോഗങ്ങളും പെരുന്നാളിന്റെ പ്രൗഡിയും ചിലവും വർദ്ധിപ്പിച്ചിരിക്കുന്നു..

ഈ അമ്പ് പെരുന്നാൾ കൂടാൻ മാത്രമായി വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികളും കുറവല്ല..

പെരുന്നാൾ ദിവസങ്ങളിൽ മാർക്കറ്റിലും തിരക്ക്… മദ്യഷാപ്പിലും തിരക്ക് പിന്നേ പള്ളിയിലും തിരക്ക്…രാവിലെ മുതൽ വൈകീട്ട് വരെ മാറി മാറി പടക്കം പൊട്ടുന്ന പെരുന്നാളും അമ്പ് പെരുന്നാൾ തന്നെ..

എല്ലാ മേളങ്ങളും കൂടി ഒരു കലാശ കൊട്ട് ഉണ്ട്..അതിൽ തുള്ളാത്തവരോ കൈകൊണ്ട് താളം പിടിക്കാത്തവരോ ആയി ആരും ഉണ്ടാകില്ല അത്രയ്ക്കുണ്ട് ആ സമയത്ത് മനസ്സിനുള്ളിലെ ആ തരംഗം..

കൊറോണ വാക്സീനുകൾ വന്നത് കൊണ്ടാവാം അമ്പ് പെരുന്നാൾ പല സ്ഥലങ്ങളിലും മുൻ വർഷങ്ങളെക്കാൾ ഭംഗിയായാണ് ആഘോഷിക്കുന്നത്… എന്നാൽ ചിലയിടത്ത് ആഘോഷങ്ങൾ ഇല്ല ചടങ്ങുകൾ മാത്രം.

പകൽ പള്ളിയിൽ പോക്കെല്ലാം കഴിഞ്ഞ് രാത്രി ആയാൽ എല്ലാവർക്കും ഒരേ മനസ്സ് എന്താന്നല്ലേ അങ്കമാലി ഡയറീസിൽ പറയുന്ന പോലെ “പെരുന്നാളായിട്ട് മ്മക്ക് രണ്ടെണ്ണം അടിച്ച് പോർക്കിറച്ചി ഞെരിക്കാന്ന് “?

അമ്പ് പെരുന്നാൾ വെറുമൊരു ആഘോഷമല്ല ഒരു ഉത്സവമാണ്… വികാരമാണ്.

കൊറോണ ഇപ്പോഴും പോയിട്ടില്ല… സുരക്ഷിതമായി ആഘോഷിക്കുക…ഏവർക്കും അമ്പ് തിരുന്നാൾ ആശംസകൾ..

Exit mobile version