കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഭക്ഷണം ലഭിക്കാൻ വൈകിയെന്നാരോപിച്ച് കൊവിഡ് രോഗികൾ പ്രതിഷേധിച്ചു. രോഗികൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കാൻ ശ്രമം നടത്തി. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകിയെന്നായിരുന്നു പരാതി.
പിന്നാലെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി ആശുപത്രിയിലെത്തി. നാല് മണിയോടെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ഭക്ഷണ വിതരണം ചെയ്യാൻ കരാറെടുത്ത കുടുബശ്രീക്ക് ആദ്യ ദിവസമുണ്ടായ ആശയകുഴപ്പമാണ് വിതരണം വൈകാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അൽപം വൈകിയെങ്കിലും ഭക്ഷണം വിതരണം ചെയ്യാൻ സാധിച്ചുവെന്നും അധികൃതർ. 260നടുത്ത് ആളുകളാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളജ് കഴിഞ്ഞാൽ കോഴിക്കോട്ടെ പ്രധാന കൊവിഡ് ചികിത്സാകേന്ദ്രമാണ് ബീച്ച് ആശുപത്രി.