തങ്ങളുടെ 20000 ഓളം ജീവനക്കാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചതായി, ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണ്‍. മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെയും 19800 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് ആമസോണിന്റെ വെളിപ്പെടുത്തല്‍. ജീവനക്കാരില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആമസോണ്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കമ്പനി യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കുന്നതായും കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നില്ലെന്നും ഉള്ള ആരോപണവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തങ്ങള്‍ കോവിഡിനെ കുറിച്ചുള്ള ഓരോ വിവരങ്ങളും ജീവനക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നാണ് ആമസോണ്‍ നല്കുന്ന വിശദീകരണം. ഓരോ ഡിപ്പാര്‍ട്ടുമെന്റിലും എത്ര രോഗബാധിതരുണ്ട് എന്ന അറിയിപ്പ് അതാത് സമയങ്ങളില്‍ തന്നെ നല്‍കിയിരുന്നതായും മറ്റ് ജീവനക്കാര്‍ക്ക് സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും ആമസോണ്‍ അറിയിച്ചു. മെയ് മാസത്തിന്റെ ആദ്യഘട്ടത്തില്‍ ആമസോണില്‍ 600 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥീരികരിച്ചതായി വെളിപ്പെടുത്തലുണ്ടായിരുന്നു.