Site icon Ente Koratty

ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷനും ചേർന്നാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കി മാറ്റിയത്. കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ച ഐസിയു 15 ബെഡോടു കൂടിയാണ് പ്രവർത്തിക്കുന്നത്. ഏപ്രിൽ മാസത്തിൽ തന്നെ കെട്ടിടം ക്വാറൻ്റീൻ കേന്ദ്രമാക്കാനായി ഷാരൂഖ് ഖാൻ വിട്ടുനൽകിയിരുന്നു. ഈ കെട്ടിടമാണ് ഇപ്പോൾ കൊവിഡ് ഐസിയു ആക്കിയത്.

ക്വാറൻ്റീൻ കേന്ദ്രമാക്കി വിട്ടുനൽകിയതു മുതൽ ഇവിടെ 66 രോഗികളെ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ 54 പേരും ഇതിനോടകം രോഗമുക്തി നേടി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി സംഭാവനകളാണ് ഇതിനോടകം ഷാരൂഖ് നൽകിയത്.

രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധയേറ്റ സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. ഇന്ന് 9,181 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 293 പേർ കൂടി മരിച്ചു. ഇന്ത്യയിൽ കൊവിഡ് മരണം 45,000 കടന്നു. 24 മണിക്കൂറിനിടെ 53,601 പോസിറ്റീവ് കേസുകളും 871 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,268,675 ഉം ആകെ മരണം 45,257 ആയി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 6,39,929 ആണ്.

Exit mobile version