ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റർ, ഐസിയു സംവിധാനമുള്ള കൊവിഡ് ആശുപത്രികളിലും ഗുരുതരാവസ്ഥയിലല്ലാത്തവരെ പ്രഥമതല കൊവിഡ് ആശുപത്രികളിലും പ്രവേശിപ്പിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായിവിജയൻ. എല്ലാ ജില്ലകളിലും രണ്ട് വീതം കൊവിഡ് ആശുപത്രികളും പ്രഥമതല കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമേ സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് രോഗികളെ ചികിത്സിക്കാൻ അനുമതി നൽകിയിട്ടുള്ളതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ആരോഗ്യ തദ്ദേശ ദുരന്ത നിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളോടെ കൂടുൽ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ചെറുകിട- ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് പ്രഥമ തല കൊവിഡ് കേന്ദ്രങ്ങൾക്കുള്ള പ്രവർത്തനാനുമതിയും നൽകും. നിലവിൽ സംസ്ഥാനത്തുള്ള രോഗികളിൽ 60 ശതമാനം പേരും രോഗ ലക്ഷങ്ങളൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളിൽ തന്നെ താമസിച്ച് ചികിത്സിച്ചാൽ മതിയെന്ന് വിദഗ്ദർ ഉപാധികളോടെ നിർദേശിച്ചിട്ടുണ്ട്. അപകട സാധ്യതാ വിഭാഗത്തിൽപ്പെടാത്തവരായ രോഗ ലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ട് അടുത്ത് ചികിത്സാ കേന്ദ്രങ്ങൾ ഉണ്ടെന്നുള്ള ഉറപ്പുണ്ടെങ്കിൽ വീട്ടിൽ തന്നെ കഴിയാൻ അനുവദിക്കണമെന്ന് മറ്റു ചില രാജ്യങ്ങളിലെയും അനുഭവം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.