ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. സമ്പർക്കത്തിലൂടെ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണ് ഇന്നത്തേത് എന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 181 പേര്‍ക്ക് കൊവിഡ് ഭേദമായി.
രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ ആരോഗ്യ പ്രവർത്തകർ- എട്ട്, ബിഎസ്എഫ്- ഒന്ന്, ഐടിബിപി- രണ്ട്, സിഐഎസ്എഫ്- രണ്ട് എന്നിങ്ങനെയാണ്. 181 പേർ ഇന്ന് സംസ്ഥാനത്ത് കൊവിഡ് മുക്തരായി.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾ ഇന്ന് രോഗം ബാധിച്ച് മരണപ്പെട്ടു. ആലപ്പുഴയിലെ ചുനക്കരയിലെ നസീർ ഉസ്മാൻ കുട്ടി (47) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക് തിരുവനന്തപുരം-201, എറണാകുളം- 70, മലപ്പുറം- 58, കോഴിക്കോട്- 58, കാസർഗോഡ്- 44, തൃശൂർ- 42, ആലപ്പുഴ-34, പാലക്കാട്- 26, കോട്ടയം- 25, കൊല്ലം- 23, വയനാട്- 12, കണ്ണൂർ- 12, പത്തനംതിട്ട- 3 എന്നിങ്ങനെയാണ്. സംസ്ഥാനത്ത് 227 ഹോട്ട്സ്പോട്ടുകളാണുള്ളത്. കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. അത് തടയാൻ കഴിയണമെന്നും മുഖ്യമന്ത്രി.