Site icon Ente Koratty

അഞ്ചുപേരിൽ അധികം കൂട്ടംകൂടുന്നതിന് നിരോധനം; വിവാഹത്തിന് 30 പേരിൽ കൂടിയാൽ FIR; കർശന നിയന്ത്രണങ്ങളുമായി പഞ്ചാബ്

ചണ്ഡീഗഡ്: കോവിഡ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി പഞ്ചാബ്. അഞ്ചുപേരിലധികം കൂട്ടംകൂടുന്നതിന് നിരോധനം ഏർപ്പെടുത്തി. വിവാഹം അടക്കമുള്ള ചടങ്ങുകളിൽ 30 ൽ കൂടുതൽ പേർ പങ്കെടുക്കുന്നതിനും നിരോധനമേർപ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

മാർനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. 30ൽ അധികംപേരെ പങ്കെടുപ്പിച്ചുള്ള ചടങ്ങുകൾ നടക്കുന്ന ഹാളുകളുടെയും ഹോട്ടലുകളുടെയും ലൈസൻസ് റദ്ദാക്കും. ഇത്തരം ചടങ്ങുകൾ നടക്കുന്ന ഇടങ്ങളിൽ ആവശ്യത്തിന് വായുസഞ്ചാരമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് തീവ്ര വ്യാപനം തടയുന്നതിന് ചെന്നൈ ഐഐടിയിലെ വിദഗ്ധരുമായി ചേർന്ന് നിരീക്ഷണ സംവിധാനം കൊണ്ടുവരും.

തൊഴിലിടങ്ങളിലും ഓഫീസുകളിലുമെല്ലാം മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതുജനങ്ങളോട് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ സർക്കാർ ഓഫീസുകളിൽ എത്താവൂയെന്നും നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ പരാതി പരിഹാസ സംവിധാനം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനും നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലാത്ത രോഗികളെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും തന്നെ പാർപ്പിക്കും. രോഗം ഗുരുതരമായി മാറുന്നവർക്ക് ആശുപത്രി ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് രോഗികളെ പാർപ്പിക്കാനായി, ആശുപത്രി കിടക്കകളുടെ ആകെ എണ്ണത്തെ കുറിച്ചുള്ള കണക്കുകൾ നൽകാനും അധികൃതരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മഴക്കാല രോഗങ്ങളെ നേരിടുന്നതിന്റെ ഭാഗമായി ശുചീകരണ യജ്ഞം നടത്താനും സർക്കാർ തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങൾ വഴിയാകും ഇതു നടപ്പാക്കുക.

Exit mobile version