Site icon Ente Koratty

തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു; പൂന്തുറയിൽ രോഗികളുടെ എണ്ണം കുറഞ്ഞു

തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ 19 കേസുകളാണ് പൂന്തുറയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം ജില്ലയിലെ വിവിധ മേഖലകളിൽ രോഗബാധ സ്ഥിരീകരിച്ചതും ഉറവിടമില്ലാത്ത രോഗികളും ആശങ്ക ഉണർത്തുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പൂന്തുറയിൽ കാര്യങ്ങൾ നിയന്ത്രണത്തിലേക്ക് വരികയാണ്. 9ആം തിയ്യതി 77 കേസും 10ആം തിയ്യതി 101 കേസും റിപ്പോർട്ട് ചെയ്ത പൂന്തുറയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 19 കേസുകൾ മാത്രമാണ്. 19 പേരെയും പൂന്തുറ സെന്‍റ് തോമസ് സ്കൂളിൽ സജ്ജീകരിച്ച താല്ക്കാലിക കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂന്തുറ, മാണിക്കവിളാകം, പുത്തൻപള്ളി വാർഡുകളിലായി പരിശോധന നടന്നെങ്കിലും രോഗബാധ കുറയുന്നതാണ് കാണുന്നത്.

എന്നാൽ ജില്ലയുടെ ആകെ കണക്കുകൾ നൽകുന്നത് നല്ല സൂചനയല്ല. വെങ്ങാനൂർ, കോട്ടപ്പുറം, പൂവച്ചൽ മേഖലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനെ ജില്ലാഭരണകൂടം ഗൗരവത്തോടെയാണ് കാണുന്നത്. 608 പേർ ചികിത്സയിലുള്ള ജില്ല സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയായി തുടരുകയാണ്. പൂവച്ചൽ, കാട്ടാക്കട പഞ്ചായത്തുകളിൽ അവലോകന യോഗങ്ങൾ ചേർന്നു. തീരപ്രദേശങ്ങളിലും ജാഗ്രത തുടരുകയാണ്.

Exit mobile version