Site icon Ente Koratty

കോഴിക്കോട് നഗരപ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു; വലിയങ്ങാടിയും പാളയവും മിഠായിതെരുവും നിയന്ത്രിത മേഖലകള്‍

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വലിയങ്ങാടി, പാളയം, മിഠായിതെരുവ് തുടങ്ങിയ സ്ഥലങ്ങളെ നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ചു. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ച പതിനേഴു പേരില്‍ പത്തു പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. കോഴിക്കോട് കോര്‍പ്പറേഷനിലെ മീഞ്ചന്ത വാര്‍ഡില്‍ മാത്രം ആറു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതോടെ ജില്ലാ ഭരണകൂടം നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ച വലിയങ്ങാടി, പാളയം, മിഠായിതെരുവ്, തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. ഇവിടേക്ക് പ്രവേശിക്കുന്ന പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനുളള നടപടികളും സ്വീകരിക്കും. ഇതിനു പുറമേ ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകളും ഫിഷ് ലാന്‍റിംഗ് സെന്‍ററുകളും നിയന്ത്രിത മേഖലയാക്കി മാറ്റി. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ടാകില്ല. പാസുള്ള വ്യാപാരികള്‍ക്ക് മാത്രം ഇവിടേക്ക് പ്രവേശിക്കാം..

കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ലാബുകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശവും ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ കോവിഡ് പരിശോധന നടത്തുന്ന ലാബുടമകളുടെ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കേണ്ടതാണ്. പരിശോധനക്കെത്തുന്നയാളുകളുടെ പേര് വിവരം ഈ ഗ്രൂപ്പില്‍‍ അപ്‍ലോഡ് ചെയ്യണം. പരിശോധന നടത്തുന്നവര്‍ ഫലം വരും വരെ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഉറപ്പ് വരുത്തണമെന്നും കലക്ടര്‍‌ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു..

Exit mobile version