ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് ഇദ്ദേഹത്തിന് പരിശോധന നടത്തിയത്. നാല് തവണ കൊവിഡ് ടെസ്റ്റ് നടത്തിയ ബോൽസനാരോയ്ക്ക് അവസാന ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡിനെ ചെറിയ പനിയെന്നാണ് ബോൽസനാരോ വിശേഷിപ്പിച്ചിരുന്നത്. കൂടാതെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന് പറഞ്ഞ് ലോക്ക് ഡൗണും ബോൽസനാരോ പിൻവലിച്ചിരുന്നു. ഇപ്പോൾ രാജ്യം കൊവിഡ് കേസുകളുടെ നിരക്കിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ബോൽസനാരോയുടെ പിടിപ്പുകേട് മൂലമാണ്. തനിക്ക് കൊവിഡ് വന്നാൽ പോലും പേടിയില്ലെന്നും ബോൽസനാരോ പറഞ്ഞിരുന്നു.
രാജ്യത്തെ രോഗവ്യാപനനിരക്ക് വർധിച്ചപ്പോഴും പ്രസ്താവന തിരുത്താൻ പ്രസിഡന്റ് തയാറായിരുന്നില്ല. മാസ്ക് ധരിക്കാതിരിക്കുകയും വച്ചപ്പോൾ തന്നെ അത് ചെവിയിൽ തൂക്കിയിടുകയും ചെയ്തു. പ്രസിഡന്റിന് എതിരെ രാജ്യത്തിന് അകത്ത് തന്നെ വലിയ വിമർശനമാണ് ഉയർന്നുകൊടുത്തിരുക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഒന്നിലധികം ആരോഗ്യ മന്ത്രിമാരാണ് പ്രസിഡന്റിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് രാജി വച്ചത്. 16 ലക്ഷത്തിൽ അധികം രോഗബാധിതർ ഇപ്പോൾ രാജ്യത്തുണ്ട്.