Site icon Ente Koratty

ഒരുലക്ഷം പിന്നിട്ട് ഡൽഹിയിലെ കോവിഡ് രോഗികൾ; 19 ദിവസത്തിനുശേഷം പ്രതിദിന നിരക്കിൽ കുറവ്

ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണം ലക്ഷം പിന്നിടുന്ന രാജ്യത്തെ ആദ്യനഗരമാണ് ഡൽഹി. എന്നാൽ, 19 ദിവസത്തിന് ശേഷം തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. 1359 കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്.

ജൂണ്‍16ന് 1859 കേസുകളാണ് ഡൽഹിയില്‍ റിപ്പോർട്ട് ചെയ്തത്. തുടർന്നിങ്ങോട്ട് പ്രതിദിന രോഗബാധിതരുടെ എണ്ണം 2000-3000 നിലയിൽ തുടരുകയായിരുന്നു. ജൂൺ 23നായിരുന്നു രാജ്യതലസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത്. അന്ന് 3947 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ ആകെ രോഗികളുടെ എണ്ണം 1,00,823 ആണ്. 48 പേർ കൂടി തിങ്കളാഴ്ച മരിച്ചതോടെ ആകെ മരണസംഖ്യ 3115 ആയി.

ഡൽഹി കഴിഞ്ഞാൽ ഏറ്റവും അധികം കൊറോണവൈറസ് കേസുകളുള്ളത് മുംബൈയിലാണ്. ആകെ 85,724 രോഗികളാണ് മുംബൈയിലുള്ളത്. മരണസംഖ്യ 4938ഉം. മൂന്നാം സ്ഥാനത്ത് ചെന്നൈയാണ്. 70,017 കോവിഡ് കേസുകളും 1082 മരണവുമാണ് ചെന്നൈയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,11,987 ആണ്. 9026 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 1,14,978 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1571 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനങ്ങളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ഡൽഹി.

അതേസമയം, ഡൽഹിയിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് 72 ശതമാനമായി ഉയർന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. മരണനിരക്കിലും കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version