ഉത്തർപ്രദേശിൽ പണം വാങ്ങി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്നു. മീററ്റിലെ ഹാപര്‍ റോഡിലെ ന്യൂ മീററ്റ് സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
2500 രൂപ തന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ആശുപത്രി ജീവനക്കാരന് പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. വേറെ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് ഇങ്ങനെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിനായി 2000 രൂപ നല്കുന്ന ആളുകളെയും വീഡിയോയില്‍ കാണാം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം ബാക്കി 500 രൂപ നല്‍കാമെന്നും അവര്‍ പറയുന്നു. ആശുപത്രി ജീവനക്കാരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അനില്‍ ധിംഗ്ര അറിയിച്ചു.
ഇത്ര വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം പ്രവൃത്തികൾ ആര് ചെയ്താലും കര്‍ശന നടപടിയെടുക്കുമെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത്. ആശുപത്രി പൂട്ടി സീല്‍വെച്ചു. കേസും എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മീററ്റ് ചീഫ് മെഡിക്കൽ ഓഫീസറും അറിയിച്ചു.
മീററ്റില്‍ ഇതുവരെ 1116 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 69 പേര് മരിച്ചു. ഉത്തര്‍ പ്രദേശിലാകെ 27,707 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.