Site icon Ente Koratty

എറണാകുളത്ത് ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ വരാം: മന്ത്രി വിഎസ് സുനിൽകുമാർ

എറണാകുളത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ഏത് നിമിഷവും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കാമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. നിലവിൽ അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും എന്നാൽ ഏത് നിമിഷവും വരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ മാർക്കറ്റുകളിൽ കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഹോൾസെയിൽ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഒരു എൻട്രി പോയിന്റും ഒരു എക്‌സിറ്റുമുണ്ടാകും. അവിടെ ഒരു വാഹനത്തിന് എത്രസമയം നിൽക്കാമെന്നത് സംബന്ധിച്ച് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ആറ് മണിക്ക് തന്നെ അൺലോഡിംഗ് പൂർത്തിയാക്കി വാഹനം മാർക്കറ്റിൽ നിന്ന് പുറത്ത് കടക്കേണ്ടതാണ്. നിർദേശം ലംഘിച്ചാൽ വാഹനത്തിനെതിരെയും ഏത് സ്ഥാപനത്തിന് വേണ്ടിയാണോ വാഹനം വന്നത് ആ സ്ഥാപനത്തിനെതിരെയും നടപടിയെടുക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. ഒരാഴ്ചയോളം ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മാർക്കറ്റ് അടച്ചുപൂട്ടും.

ചെറുകിട വ്യാപാരത്തിനായി ആരും ആലുവ മാർക്കറ്റിൽ എത്തരുത്. ഹോൾസെയിൽ ആവശ്യത്തിന് വേണ്ടി മാത്രം എത്തിയാൽ മതിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എറണാകുളം മാർക്കറ്റ് നിലവിൽ തുറക്കാൻ ഉദ്ദേശിച്ചിട്ടില്ല. പരിശോധനകൾ പൂർത്തീകരിക്കകയാണ്. അതിന് ശേഷം മാത്രമേ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളു. സമാന്തര മാർക്കറ്റുകളൊന്നും അനുവദിക്കില്ലെന്നും അനധികൃത കച്ചവടങഅങൾക്ക് അനുമതിയുണ്ടാകില്ലെന്നും മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു.

Exit mobile version