Site icon Ente Koratty

സാമൂഹ്യ വ്യാപന ആശങ്ക: മലപ്പുറം എടപ്പാളിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

മലപ്പുറം എടപ്പാൾ വട്ടംകുളം സാമൂഹ്യ വ്യാപന ആശങ്കയിൽ. ഇന്ന് പ്രദേശത്തെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടർമാർ, ഒരു നഴ്‌സ്, രണ്ട് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണെന്ന നിഗമനത്തിലാണ് അധികൃതർ. ഡോക്ടർമാർ പരിശോധന നടത്തിയ രോഗികളുടെ മുഴുവൻ സ്രവ പരിശോധനക്ക് വിധേയമാക്കുമെന്ന് മന്ത്രി കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ സാമൂഹ്യ വ്യാപനമുണ്ടന്ന് പറയാൻ കഴിയില്ലെന്നും ആശങ്ക അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലയിൽ നിന്നുള്ള 47 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർക്ക് നേരിട്ട് രോഗികളിൽ നിന്നും അഞ്ച് പേർക്ക് സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാൾ കണ്ണൂരിൽ നിന്നും 16 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 21 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Exit mobile version