എറണാകുളം ചൊവ്വരയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 95 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യ പ്രവര്‍ത്തക വാക്സിനേഷന് നല്കിയ കുട്ടികളുടെയും അമ്മമാരുടെയും ഫലമാണ് നെഗറ്റീവ് ആയത്. സമ്പര്‍ക്ക പട്ടികയിലുള്ള 50 പേരുടെ പരിശോധന ഫലം കൂടിയാണ് ഇനി ലഭിക്കാനുള്ളത്.
ചൊവ്വരയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക 73 കുട്ടികള്‍ക്ക് വാക്സിനേഷന് നല്കിയ സാഹചര്യത്തിലാണ് കുട്ടികളുടെയും അമ്മമാരുടെയും സ്രവം പരിശോധനക്ക് അയച്ചത്. ഇതില്‍ 95 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 50 പേരോളം പേരുടെ പരിശോധന ഫലം ഇനിയും പുറത്ത് വരാനുണ്ട്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെയും ബാക്കി കുട്ടികളുടെയും പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. 150 പേരുടെ സമ്പര്‍ക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരുന്നത്.
എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.