രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, രോഗവ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം ഇന്ന് സന്ദർശനം തുടങ്ങും. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡൽഹിയിൽ കൊവിഡ് കേസുകൾ 73000വും തമിഴ്നാട്ടിൽ 70000വും കടന്നു. ജനങ്ങൾ സാമൂഹ്യ അകലം അടക്കം മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ ബെംഗളൂരു നഗരം അടച്ചിടേണ്ടി വരുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മുന്നറിയിപ്പ് നൽകി.
ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലെത്തുന്നത്. ഈ മാസം 29 വരെയാണ് സന്ദർശനം. സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിനെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുകയാണ് ലക്ഷ്യം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്യും. പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും കേന്ദ്രസംഘം നൽകും.
ഡൽഹിയിൽ 3390 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 64 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 73,780ഉം മരണം 2429ഉം ആയി. തമിഴ്നാട്ടിൽ 45 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 911 ആയി. 24 മണിക്കൂറിനിടെ 3509 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 70977 ആയി. ഗുജറാത്തിൽ 577 പുതിയ കേസുകളും 18 മരണവും റിപ്പോർട്ട് ചെയ്തു. രോഗബാധിതർ 29578 ആണ്. ഇതുവരെ 1754 പേർ മരിച്ചു. ഉത്തർപ്രദേശിൽ 654 പേർ കൂടി രോഗബാധിതരായി. കർണാടകയിൽ 442 പുതിയ കേസുകളും ആറ് മരണവും റിപ്പോർട്ട് ചെയ്തു.