Site icon Ente Koratty

പ്രവാസികൾക്ക് കേരളത്തിലെത്താൻ കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട; പിപിഇ കിറ്റ് മതിയെന്ന് സർക്കാർ

തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ. പ്രവാസികൾക്ക്  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് പിപിഇ കിറ്റുകൾ മതിയെന്നാണ് സർക്കാർ തീരുമാനമെന്നാണ് വിവരം.

പിപിഇ കിറ്റ് ഏർപ്പെടുത്തണമെന്ന് വിമാനകമ്പനികളോട് സർക്കാർ ആവശ്യപ്പെടും. നേരത്തെ, വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് കോവിഡ് പരിശോധന നടത്തി പ്രവാസികളെ എത്തിക്കാമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച് യാത്രക്കാർ എത്തിയാൽ രോഗവ്യാപനം കുറയുമെന്നാണ് സർക്കാർ വിലയിരുത്തൽ. ചിലവും കുറവാണ്. അതേസമയം ഇക്കാര്യത്തിൽ വിമാന കമ്പനികളുടേതാകും അന്തിമ തീരുമാനം.

കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതായിരുന്നു സര്‍ക്കാരിന്റെ മുന്‍നിലപാട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്. ഇന്ന് നടക്കുന്ന സെക്രട്ടറിതല ചര്‍ച്ചയില്‍ അന്തിമതീരുമാനം ഉണ്ടാകും.

പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കുമെങ്കിലും അതിനുള്ള ചെലവ് ആര് വഹിക്കേണ്ടി വരും എന്നതില്‍ വ്യക്തതയായിട്ടില്ല.

Exit mobile version