Site icon Ente Koratty

ബംഗാളിൽ ചികിത്സയിലിരുന്ന തൃണമൂൽ എംഎൽഎ മരിച്ചു; രാജ്യത്ത് കോവിഡിന് കീഴടങ്ങുന്ന രണ്ടാമത്തെ സാമാജികൻ

കൊൽക്കത്ത: പശ്ചിമബംഗാളിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ മരിച്ചു. ഫാൽത്ത നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന സാമാജികനായ തമോനാഷ് ഘോഷ് (60) ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ സാമാജികനാണ് തമോനാഷ്.രാജ്യത്ത് രണ്ടാമത്തെ സാമാജികനും. നേരത്തെ തമിഴ്നാട്ടിൽ  ഡിഎംകെ എംഎൽഎ ജെ.അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ ഒൻപതിനായിരുന്നു മരണം.

ഇക്കഴിഞ്ഞ മെയിലാണ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചത്. നിരവധി അസുഖങ്ങളാൽ വലഞ്ഞ അദ്ദേഹം രോഗം സ്ഥിരീകരിച്ചത് മുതൽ ആശുപത്രിയിൽ തുടരുകയാണ്. കിഡ്നി-ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 24 പർഗനാസ് ജില്ലയിൽ ഉൾപ്പെട്ട ഫാൽത്ത മണ്ഡലത്തിൽ നിന്ന് മൂന്ന് തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

മുപ്പത് വർഷത്തിലധികമായ രാഷ്ട്രീയ രംഗത്ത് സജീവമായ തമാനോഷിന്‍റെ മരണത്തിൽ തൃണമൂൽ പാർട്ടി അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി അനുശോചനം അറിയിച്ചിട്ടുണ്ട്. ‘വളരെ വളരെ ദുഃഖകരമായ വാർത്ത.. ഫാൽത്തയിൽ നിന്നുള്ള എംഎൽഎയും 1998 മുതൽ പാർട്ടി ട്രഷററുമായ തമോനോഷ് ഘോഷ് നമ്മളെ വിട്ട് പിരിഞ്ഞിരിക്കുകയാണ്.. 35 വർഷമായി നമ്മൾക്കൊപ്പമുണ്ടായിരുന്നു അദ്ദേഹം പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു.. സാമൂഹ്യസേവനത്തിലൂടെ നിരവധി കാര്യങ്ങള്‍ സംഭാവന ചെയ്തു.. മമത ട്വിറ്ററിൽ കുറിച്ചു.

Exit mobile version