ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളർ അഥവാ 43,574 കോടി രൂപയുടെ ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് വാങ്ങി. അമേരിക്കൻ വമ്പൻമാരായ ഫേസ്ബുക്ക് ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നു. കൂടാതെ എണ്ണവിപണിയിലും ടെലികോം മേഖലയിലുമുണ്ടാകുന്ന നഷ്ടം ഗണ്യമായി കുറയ്ക്കാൻ പുതിയ ഇടപാടിലൂടെ റിലയൻസിന് സാധിക്കും.
“ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം ആവേശകരമാണെന്നും. നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്, ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു ഒപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇനിയും കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. “- ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.
റിലയൻസ് ജിയോയുടെ ദീർഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നു: മുകേഷ് അംബാനി
റിലയൻസ് ജിയോയുടെ ദീർഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. 2016 ൽ റിലയൻസ് ജിയോ ആരംഭിച്ചപ്പോൾ, ഇന്ത്യയുടെ ഡിജിറ്റൽ വളർച്ച അതിലൂടെ ഓരോ ഇന്ത്യക്കാരന്റെയും ജീവിതം മെച്ചപ്പെടുത്തുക, ലോകത്തെ പ്രമുഖ ഡിജിറ്റൽ സമൂഹമായി ഇന്ത്യയെ മുന്നോട്ട് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ‘എല്ലാ ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്നതിലും മാറ്റം വരുത്തുന്നത് തുടരുന്നതിനും ഞങ്ങളുടെ ദീർഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതിനുള്ള അവസരം ലഭിച്ചതിൽ റിലയൻസ് കുടുംബം വിനീതരാണ്’- മുകേഷ് അംബാനി പറഞ്ഞു. ജിയോയും ഫേസ്ബുക്കും തമ്മിലുള്ള കൂടിച്ചേരൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ മിഷന്‍റെയും അതിന്റെ രണ്ട് ലക്ഷ്യങ്ങളായ ‘ഈസ് ഓഫ് ലിവിംഗ്’, ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്നിവ സാക്ഷാത്കരിക്കാൻ സഹായിക്കും. കൊറോണാനന്തര കാലഘട്ടത്തിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തിക നില വീണ്ടെടുക്കുകയും പുനരുജ്ജീവനം സാധ്യമാകുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജിയോ-ഫേസ്ബുക്ക് പങ്കാളിത്തം തീർച്ചയായും ഈ പരിവർത്തനത്തിന് ഒരു പ്രധാന സംഭാവന നൽകും. ”- മുകേഷ് അംബാനി
2016 ൽ ജിയോ ആരംഭിച്ചതിനുശേഷം, അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ യുഎസ് ടെക് ഗ്രൂപ്പുകളുമായി മത്സരിക്കാൻ കഴിവുള്ള ഏക കമ്പനിയായി റിലയൻസ് മാറി. ഇത് മൊബൈൽ ടെലികോം മുതൽ ഹോം ബ്രോഡ്‌ബാൻഡ്, ഇകൊമേഴ്‌സ് വരെ വ്യാപിപ്പിക്കുകയും ചെയ്തു. മ്യൂസിക് സ്ട്രീമിംഗ് സേവനമായ ജിയോസാവ്ൻ, ഓൺ-ഡിമാൻഡ് ലൈവ് ടെലിവിഷൻ സേവനമായ ജിയോ ടിവി, പേയ്‌മെന്റ് സേവനമായ ജിയോപേ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളും റിലയൻസ് ജിയോയ്ക്ക് സ്വന്തമാണ്. ബെർൺസ്റ്റൈനിലെ വിശകലന വിദഗ്ധർ ജിയോയെ 60 ബില്യൺ ഡോളറിലധികം വിലമതിപ്പുള്ള കമ്പനിയായാണ് വിലയിരുത്തുന്നത്.