സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് തിരുത്തി പവന് നാൽപതിനായിരം രൂപയിലേയ്ക്ക്. പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായാണ് ഇന്നത്തെ വില.
തുടർച്ചയായി എട്ടാമത്തെ ദിവസമാണ് സ്വർണവില റെക്കോഡ് ഭേദിച്ച് കുതിക്കുന്നത്. ഒന്നരയാഴ്ചയ്ക്കിടെ പവന് 3400 രൂപയോളം വർധിച്ചു. ജൂലൈ ആദ്യം 36,160 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 35,800 ലേക്ക് താഴ്ന്നിരുന്നു. പിന്നീടുള്ള കുതിപ്പിലാണ് സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറുന്നത്. 280 രൂപകൂടി വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കിൽ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നൽകേണ്ടി വരും. കഴിഞ്ഞ ഒരു വർഷനിടെ പവന് കൂടിയത് 13,860 രൂപയാണ്.
ആഗോള വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില കൂടാൻ കാരണമാകുന്നുണ്ട്.