Site icon Ente Koratty

ചാനലുകൾ തെരഞ്ഞെടുക്കാം; പണം ലാഭിക്കാം; ട്രായി ആപ്പിന്റെ ഉപയോഗം ഇങ്ങനെ

കേബിൾ ടിവി. ഡിടിഎച്ച് ഉപഭോക്താക്കൾക്ക് ഇനി ആവശ്യമുള്ള ചാനലുകൾ മാത്രം തെര‍ഞ്ഞെടുക്കാം, വേണ്ടാത്തവ ഒഴിവാക്കുകയുമാകാം. ചാനലുകൾ തെരഞ്ഞെടുക്കുന്നതിന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) പുതിയ സ്മാർട്ട് ഫോൺ ആപ്പ് പുറത്തിറക്കി. എല്ലാ ടെലിവിഷൻ സബ്സ്ക്രൈബ‍ര്‍മാര്‍ക്കും പുതിയ ആപ്പ് ഉപയോഗിയ്ക്കാം. ഐഒഎസ്, ഗൂഗിൾ പ്ലേ പ്ലാറ്റ് ഫോമുകളിൽ ആപ്പ് ലഭ്യമാകും.

ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ, ഡിഷ് ടിവി, ഡി2എച്ച്, ഹാത് വേ ഡിജിറ്റൽ, സിറ്റി നെറ്റ് വർക്ക്സ്, ഏഷ്യാനെറ്റ്, ഇൻഡിജിറ്റൽ തുടങ്ങിയ സേവനദാതാക്കൾക്ക് കീഴിലുള്ള ഉപഭോക്താക്കൾക്ക് ആപ്പ് ലഭ്യമാണ്. 50 ശതമാനം ടിവി സബ്സ്ക്രൈബ‍ര്‍മാരും എംഎസ്ഒഎസ് പ്ലാറ്റ് ഫോമിൽ ഉൾപ്പെടുന്നവരാണ്. ബാക്കി സേവന ദാതാക്കൾക്കും ഉടൻ ആപ്പ് ലഭ്യമാക്കും.

ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ഓപ്പണ്‍ ചെയ്ത് കേബിൾ/ ഡിടിഎച്ച് സേവന ദാതാവിനെ തെര‍ഞ്ഞെടുക്കാം. സബ്സ്ക്രിബ്ഷൻ ഐഡിയോ രജിസ്റ്റേർഡ് മൊബൈൽ നമ്പറോ നൽകണം. ഇതോടെ നിങ്ങളുടെ മൊബൈലിലേക്ക് ഒടിപി നമ്പർ ലഭിക്കും. ഒടിപി നമ്പർ നൽകി കഴി‍ഞ്ഞാൽ സമ്മറി ലഭിക്കും. ഇവിടെ ഏതൊക്കെ ചാനലുകൾ നിലവിൽ ലഭ്യമാണ് എന്ന് അറിയാം. ഇതിൽ നിന്ന് വേണ്ടാത്ത ചാനലുകൾ ഒഴിവാക്കാം. ആവശ്യമുള്ള ചാനലുകളുടെ മാത്രം സബ്സ്ക്രിപ്ഷൻ തുക നൽകിയാൽ മതിയാകും എന്നതാണ് പ്രധാന മെച്ചം.

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പുതിയ നിരക്ക് നിർണയിച്ചുകൊണ്ട് ട്രായി ഉത്തരവിറക്കിയത്. മാസവരി വർധിച്ചുവെന്ന് നിരവധി ഉപഭോക്താക്കളാണ് ട്രായിക്ക് പരാതി നൽകിയത്. നിലവിൽ കേബിൾ ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ വെബ്സൈറ്റുകളും ആപ്പുകളും മുഖേന ഈ സേവനം നൽകുന്നുണ്ടെങ്കിലും പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകുന്നതിനാണ് ഏകീകൃത സേവനം നൽകുന്ന ആപ്പുമായി ട്രായി രംഗത്ത് എത്തിയിരിക്കുന്നത്.

Exit mobile version