Site icon Ente Koratty

കടലിൽ കായം കലാക്കാതെ…

ആർ ഗോപാലകൃഷ്ണൻ

കായത്തിൻ്റെ കഥ….

ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമായ കായം, ഒരു സസ്യത്തിൻ്റെ കറയാണ്‌.

ഇംഗ്ലീഷ്: Asafoetida. ശാസ്ത്ര നാമം: Ferula assafoetida. അറേബ്യൻ രോഗ ചികിത്സയാണ്‌ കായത്തിനെ ലോകത്തിൽ പ്രസിദ്ധരാക്കിയത്. ( ആയുർവേദ മരുന്നുല്‌പാദനത്തിനും കായം വ്യാപകമായി ഉപയോഗിച്ചുവരുന്നു.)

ഫ്രാന്‍സ്, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ നാടുകളിലാണ് ഈ സസ്യം കൂടുതലായി വളരുന്നത്. ഇന്ത്യയിലും കണ്ടുവരുന്നു. കേരളത്തിലും ദുര്‍ലഭമായി കാണാം. ഇതിൻ്റെ ചെടി കറുത്ത ചെടി, വെളുത്ത ചെടി എന്നിങ്ങനെ രണ്ടുവിധത്തിലുണ്ട്. ‘വൈരക്കായം’ സുഗന്ധമുള്ളതും കറുത്ത വൃക്ഷത്തില്‍ നിന്നെടുക്കുന്ന കായം ഒരു കടുത്ത ഗന്ധമുള്ളതുമാണ്. ഇതാണ് നമുക്ക് സാധാരണയായി ലഭിക്കുന്ന കായം. അറബിക്കായം, പാല്‍ക്കായം, പെരുങ്കായം, സോമനാദികായം എന്നീ പേരുകളില്‍ കായം ലഭിക്കുന്നുണ്ട്. പല വൃക്ഷങ്ങളില്‍ നിന്നെടുക്കുന്നതുകൊണ്ടും വ്യത്യസ്ത രീതിയില്‍ സംസ്‌കരിക്കുന്നതുകൊണ്ടും വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നെടുക്കുന്നതു കൊണ്ടുമാണ് ഇങ്ങനെ വ്യത്യസ്ത പേരുകള്‍ വന്നത്.

സാധാരണ ലഭ്യമാകുന്ന കായം രണ്ടിനം ഉണ്ട്: കറിക്കായം (പെരുങ്കായം) പാൽക്കായം‌ എന്നിവ:
രണ്ടു ഇനം ചെടികളിൽ നിന്നെടുക്കുന്ന കറയാണ്.

ഒന്നിന്റെ കൂമ്പ് വരുന്നിടത്ത് ഒരു തുള്ളി കായം വന്ന് കട്ടയായും. അത് പാൽക്കായം. മുകുളങ്ങളിൽ കറ ഊറി ഉറച്ച് സ്വർണ നിറമാവും, അത് ശേഖരിച്ച് ശുദ്ധി ചെയ്ത് ‘പാൽക്കായം‌’ ആക്കും. അതിൻ്റെ തൈയാണ് ഇവിടെ.

മറ്റൊന്നിന്റെ വേരും തടിയും കൂടിന്നിടം മുറിവ് ഉണ്ടാക്കി കായം എടുക്കും.ഇത് കറിക്കായം (പെരുങ്കായം) .

ഈ സസ്യം ഒരു ബഹുവർഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുൻപായി ഈ സസ്യത്തിന്റെ വേരിനോട് ചേർന്നുള്ള കാണ്ഡത്തിൽ മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌.

ശുദ്ധമായ കയം വളരെ രൂക്ഷമായ രുചിയുള്ളവയാണ്; ഭക്ഷ്യാവശ്യങ്ങൾക്കു വിപണിയിൽ എത്തിക്കുന്നത് ഒരു മിശ്രിതമാണ്: ‘കൂട്ടു പെരുങ്കായം’ / ‘കറിക്കൂട്ടു പെരുങ്കായം’. മൈദയും മറ്റുമായി കൂടിച്ചേർന്നതുമാണ് ഇത്. ഏറ്റവുമധികം വ്യാജൻ വിലസുന്ന ഒരു ഉൽപ്പന്നം കൂടിയാണ് കായം.

വാലറ്റം: ബ്രിട്ടീഷുകാർ കായത്തിന് വിളിക്കുന്ന ഇരട്ടപ്പേര്‌, ‘ചെകുത്താന്റെ കാഷ്ഠം’ / ‘ഭൂതക്കാഷ്ടം’ (Devil’s dung) എന്നാണ്. ഏറ്റവും നല്ല കായം അഫ്ഗാനിസ്ഥാനിലും, ഇറാനിലും നിന്നാണ് വരുന്നത്. Nervous stimulant എന്ന ഗണത്തിലുള്ള പ്രകൃതിദത്ത ഔഷധമാണ് കായം.

Exit mobile version